ഒരു രാജ്യം ഒരു റേഷൻ കാർഡ് പദ്ധതി അതിവേഗം നടപ്പിലാക്കണമെന്ന് കേന്ദ്ര സർക്കാരിനോട് സുപ്രീംകോടതി ആവശ്യപ്പെട്ടിരിക്കുകയാണ്.
കൊവിഡിലും ലോക്ക‌്‌ഡൗണിലും കഷ്ടത്തിലായ കുടിയേറ്റത്തൊഴിലാളികളെക്കുറിച്ച് സുപ്രീംകോടതി സ്വമേധയാ എടുത്ത കേസ് പരിഗണിക്കുന്നതിനിടെയാണ് ജസ്റ്റിസുമാരായ അശോക് ഭൂഷൺ, എം.ആർ.ഷാ എന്നിവരുടെ ബെഞ്ചിന്റെ വാക്കാൽ നിരീക്ഷണം.
രാജ്യത്ത് എവിടെനിന്നും പൊതുവിതരണ സംവിധാനത്തിന്റെ ആനുകൂല്യങ്ങൾ ലഭിക്കുന്നതിന് കുടിയേറ്റ തൊഴിലാളികൾക്ക് മാത്രമല്ല ഓരോ ഇന്ത്യൻ പൗരനും അവസരം നൽകുന്നതാണ് പദ്ധതി. സാങ്കേതിക വിദ്യയുടെ പുരോഗതിയാണ് ഇങ്ങനെയുള്ള ഒരു അവസരം പ്രദാനം ചെയ്തിരിക്കുന്നത്. അത് എത്രയും വേഗം നടപ്പിൽ വരുന്നത് ജനങ്ങൾക്ക് തികച്ചും ഗുണകരമാണ്. ഇത് നടപ്പിലാകുമ്പോൾ അസാമിൽ നിന്ന് കേരളത്തിലേക്ക് വരുന്ന അന്യസംസ്ഥാന തൊഴിലാളിക്ക് പുതിയ കാർഡ് ഉപയോഗിച്ച് മൂന്ന് രൂപയ്ക്ക് അരിയും രണ്ട് രൂപയ്ക്ക് ഗോതമ്പും കേരളത്തിലെ ഏതു റേഷൻ കടയിൽ നിന്നും വാങ്ങാനാകും. കേരളത്തിൽ 35 ലക്ഷം അന്യസംസ്ഥാന തൊഴിലാളികൾ വിവിധ തൊഴിൽ രംഗങ്ങളിൽ പ്രവർത്തിക്കുന്നുണ്ടെന്നാണ് സെന്റർ ഫോർ മൈഗ്രേഷൻ ആൻഡ് ഇൻക്ളൂസിവ് ഡവലപ്മെന്റിന്റെ കണക്ക്. കൊവിഡ് കാലത്ത് ഇതിൽ ഭൂരിപക്ഷം പേരും തിരിച്ചുപോയി. ഇതിന്റെ പ്രധാന കാരണം അന്നം മുട്ടിയതാണ്. ഇപ്പോഴും അന്യസംസ്ഥാന തൊഴിലാളികൾക്ക് കേരളം റേഷൻ നൽകുന്നുണ്ടെങ്കിലും അത് കാർഡ് മുഖേനയല്ല. അന്യസംസ്ഥാന തൊഴിലാളികൾ ഇരട്ടി പണം നൽകി ബ്ലാക്കിൽ റേഷൻ കടകളിൽ നിന്ന് സാധനം വാങ്ങുന്നതും വലിയ രഹസ്യമൊന്നുമല്ല. രാജ്യത്ത് ഒരു റേഷൻ കാർഡ് സമ്പ്രദായം നിലവിൽ വന്നാൽ ഇത്തരം കരിഞ്ചന്ത കച്ചവടങ്ങൾ സ്വിച്ചിട്ട പോലെ അവസാനിക്കും. രാജ്യത്ത് 23 സംസ്ഥാനങ്ങളിലായി 67 കോടി റേഷൻ കാർഡുകളാണ് പൊതുവിതരണ സമ്പ്രദായത്തിന് കീഴിൽ വരുന്നത്. ഇത് നടപ്പായാൽ ഏതു പൗരനും ഇതേ കാർഡ് ഉപയോഗിച്ച് ഇന്ത്യയിൽ എവിടെ നിന്നും റേഷൻ വാങ്ങാനാവുമെന്നത് മുന്നിൽക്കണ്ടാണ് സുപ്രീംകോടതി പദ്ധതി നടപ്പാക്കുന്നതിന്റെ വേഗത കൂട്ടണമെന്ന് ആവശ്യപ്പെട്ടത്. ആധാറുമായി ബന്ധിപ്പിച്ചാണ് പദ്ധതി ഓൺലൈൻ സംവിധാനത്തിന്റെ സഹായത്തോടെ നടപ്പിലാക്കുന്നത്. പദ്ധതി നടപ്പിലാക്കുന്നതിനെ കേരളം ഉൾപ്പെടെ ബഹുഭൂരിപക്ഷം സംസ്ഥാനങ്ങളും എതിർത്തിട്ടില്ല. നേരിയ തോതിലെങ്കിലും പശ്ചിമബംഗാളിൽ നിന്നാണ് എതിർപ്പുണ്ടായിട്ടുള്ളത്. അവിടെ പല കുടിയേറ്റക്കാർക്കും ആധാർ കാർഡ് ലഭിക്കാത്തതാണ് തടസമായി പറയുന്നത്. പക്ഷേ അതിന്റെ പേരിൽ ഇന്ത്യയിലെ എല്ലാ ജനങ്ങൾക്കും പ്രയോജനകരമായ പദ്ധതി വഴിയിൽ മുടങ്ങാൻ പാടില്ല.
കേരളത്തിൽ തന്നെ ഏതു റേഷൻ കടയിൽ നിന്നും ഉപഭോക്താവിന് റേഷൻ വാങ്ങാമെന്നത് നിലവിൽ വന്നിട്ട് അധിക കാലമായിട്ടില്ല. ഇത് ജനങ്ങൾക്ക് നൽകിയ സൗകര്യം വളരെ വലുതാണ്. നേരത്തേ വാടക വീട് മാറുന്നതനുസരിച്ച് റേഷൻ കാർഡിലെ മേൽവിലാസം മാറ്റാൻ എത്രയോ പേർ കഷ്ടപ്പെട്ടിരുന്നു.
സൗജന്യ ഭക്ഷ്യധാന്യം അടക്കമുള്ള ആനുകൂല്യങ്ങൾ കുടിയേറ്റ തൊഴിലാളികൾക്ക് നിഷേധിക്കപ്പെടുന്നു എന്ന വസ്തുത മുതിർന്ന അഭിഭാഷകൻ ദുഷ്യന്ത് ദവൈയാണ് സുപ്രീംകോടതിയുടെ ശ്രദ്ധയിൽപ്പെടുത്തിയത്.രജിസ്റ്റർ ചെയ്യാത്ത സാധാരണക്കാർക്കും ആനുകൂല്യം ലഭ്യമാക്കിക്കൂടെ എന്നും കോടതി ആരാഞ്ഞിട്ടുണ്ട്. പദ്ധതി നടപ്പാക്കുന്നതിന് മുമ്പ് ഇക്കാര്യങ്ങളെല്ലാം കേന്ദ്ര സർക്കാർ കണക്കിലെടുക്കുമെന്ന് പ്രതീക്ഷിക്കാം.