കല്ലമ്പലം: കരവാരം പഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ് വഴി കുടുംബശ്രീ മിഷനും കെ.എസ്.എഫ്.ഇയും സംയുക്തമായി നടപ്പാക്കിയ വിദ്യാശ്രീ ലാപ്ടോപ്പിന്റെ വിതരണോദ്ഘാടനവും മുഖ്യമന്ത്രിയുടെ സഹായഹസ്തം ലോണിന്റെ ഒന്നാം ഗഡു പലിശ സബ്സിഡിയായി ലഭിച്ച 1,86,4084 രൂപയുടെ വിതരണോദ്ഘാടനവും എം.എൽ.എ ഒ.എസ്. അംബിക നിർവഹിച്ചു. തുടർന്ന് നിർദ്ധന കുടുംബത്തിലെ അംഗമായ തോട്ടയ്ക്കാട് ഗവ. എൽ.പി.എസിലെ ബിലാൽ എന്ന വിദ്യാർത്ഥിക്ക് മൊബൈൽ ചലഞ്ചിലൂടെ സി.ഡി.എസ് ചെയർപേഴ്സൺ മൊബൈൽ വാങ്ങി നൽകി. കരവാരം പഞ്ചായത്ത് പ്രസിഡന്റ് ഷിബുലാൽ അദ്ധ്യക്ഷനായി. വൈസ് പ്രസിഡന്റ്‌ സിന്ധു, സി.ഡി.എസ് ചെയർപേഴ്സൺ ലിസി ശിശുപാലൻ, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഉല്ലാസ് കുമാർ, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സജീർ രാജകുമാരി, കരവാരം സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ്‌ എസ്. മധുസൂദന കുറുപ്പ്, വാർഡ്‌ മെമ്പർമാരായ ലോകേഷ്, ഹുസൈൻ, ചിന്നു,എം.എ ഖരീo, ദീപ പങ്കജാക്ഷൻ, വത്സല, അസിസ്റ്റന്റ് സെക്രട്ടറി ഫൈസൽ എന്നിവർ പങ്കെടുത്തു.