തിരുവനന്തപുരം: കൊവിഡിനെ പേടിച്ചുള്ള ലോക്ക് ഡൗൺ നീണ്ടുപോകുന്നതോടെ വരുമാനം നിലച്ച സാധാരണക്കാർ അങ്കലാപ്പിലായി.
ദൈനംദിന ആവശ്യങ്ങൾക്കു പോലും പണമില്ല. പാൽ, പച്ചക്കറി, മരുന്നുകൾ തുടങ്ങിയവ വാങ്ങാനാവുന്നില്ല. സർക്കാർ നൽകുന്ന ഒരു ഭക്ഷ്യക്കിറ്ര് കൊണ്ടു ജീവിതം സുഭിക്ഷമാവില്ലെന്ന് അവർ പറയുന്നു.
സ്കൂളുകൾ തുറന്നില്ലെങ്കിലും അദ്ധ്യയനം ആരംഭിച്ചതോടെ പുസ്തകം, സ്കൂൾ ഫീസ് ഇവയ്ക്ക് പണം വേണം. വായ്പ എടുത്തവർക്ക് തിരിച്ചടയ്ക്കാൻ കഴിയാത്ത അവസ്ഥ. ആദ്യ ലോക്ക് ഡൗണിലേതുപോലെ മോറട്ടോറിയം ഇത്തവണയില്ല. വയോജനങ്ങളും രോഗികളുമാണ് ഏറെ ദുരിതത്തിലായത്. മരുന്നുകൾ മുടങ്ങിയതോടെ ആരോഗ്യനില മോശമായി.
കച്ചവടസ്ഥാപനങ്ങളിലെ ജോലിക്കാർ, വർക്ക്ഷോപ്പ് ജീവനക്കാർ, ഓട്ടോ, ടാക്സി തൊഴിലാളികൾ, തയ്യൽ തൊഴിലാളികൾ, നെയ്ത്തുകാർ, ബാർബർ ഷോപ്പുകാർ, പൂക്കച്ചവടക്കാർ, ലോട്ടറി വില്പനക്കാർ, തട്ടുകടക്കാർ, സ്കൂൾ ബസ് ഡ്രൈവർമാർ തുടങ്ങിയവരെല്ലാം ദുരിതത്തിലാണ്. സർക്കാർ ജീവനക്കാർ മാത്രമാണ് ബുദ്ധിമുട്ട് അറിയാത്തത്.
ദുരിത ജീവിതങ്ങൾ
തലസ്ഥാന നഗരത്തിൽ ലോട്ടറി വിൽക്കുന്ന ഒരു ചെറുപ്പക്കാരന്റെ ദിവസക്കൂലി 300 രൂപയാണ്. ഹൃദ്രോഗിയാണ് അയാൾ. ഭാര്യയ്ക്ക് കാൻസറും. കൃത്യമായ ഇടവേളകളിൽ കീമോചികിത്സയ്ക്ക് വിധേയയാക്കണം. രണ്ട് മക്കളുണ്ട്. ഉച്ചയ്ക്ക് അമ്പലങ്ങളിലെ അന്നദാനത്തിൽ വിശപ്പടക്കുന്ന അയാളെ പോലെ എത്രയോ പേരുടെ ജീവിതമാണ് താളം തെറ്റിയത്.
ഇതിനിടയിലാണ് കാര്യം മനസ്സിലാക്കാതെയുള്ള പൊലീസിന്റെ പിഴ ചുമത്തൽ.
പാരിപ്പള്ളിയിൽ സ്വന്തമായി ടോയ്ലെറ്റില്ലാത്ത ഓട്ടോ ഡ്രൈവർ അരകിലോമിറ്റർ അപ്പുറത്തെ പെട്രോൾ പമ്പിലെ ടോയ്ലറ്റാണ് ഉപയോഗിക്കുന്നത്. ലോക്ക് ഡൗൺ നാളിൽ അവിടേക്ക് പോയപ്പോൾ പൊലീസ് പിടിച്ചു. കാര്യം പറഞ്ഞിട്ടും 2000 രൂപ പിഴ ചുമത്തി. പണമില്ലെന്ന് പറഞ്ഞപ്പോൾ ഓട്ടോയും കൊണ്ട് പെലീസ് പോയി.രോഗ നിരക്ക് പത്തിന് താഴെ എത്തിക്കാനാണ് സർക്കാർ ലോക്ക്ഡൗൺ നീട്ടിയത്.
''ഓട്ടോ ഓടി ദിവസം 500 രൂപയെങ്കിലും കിട്ടിയാലെ ജീവിതം മുന്നോട്ടു പോകൂ. ഒൻപതിലും ആറിലും പഠിക്കുന്ന മക്കൾക്ക് ഓൺലൈൻ ക്ലാസ് സൗകര്യം ഒരുക്കാൻ കഴിയുന്നില്ല. ടി.വി കേടായി. മൊബൈലിൽ നെറ്റ് കണക്്ഷൻ ഇല്ല. ഇതൊക്കെ ശരിയാക്കണമെങ്കിൽ ഓട്ടോ ഓടിക്കാനുളള സാഹചര്യം വേണം''
സെയ്ദ് അലി,
ഓട്ടോ ഡ്രൈവർ, വിഴിഞ്ഞം.
''ഞാൻ കടയിൽ ഒറ്റയ്ക്കിരുന്നാണ് തുണി തയ്ക്കുന്നത്. ആരും വന്ന് കൂട്ടം കൂടുന്നില്ല. എന്നിട്ടും കട തുറക്കാൻ അനുവാദമില്ല. മരുന്നു വാങ്ങാൻ പോലും കാശില്ലാതെയായി. ''
- ചന്ദ്രൻ നായർ,
തുന്നൽക്കാരൻ, കോവളം
പൊലീസിന് കലികേറുന്നു! കാരണം ഇതാണ്
തിരുവനന്തപുരം: ലോക്ക്ഡൗണിൽ വാഹന പരിശോധന നടത്തുന്ന പൊലീസുകാരിൽ ചിലർ അമിതമായി ദേഷ്യപ്പെടുന്നുണ്ടെങ്കിൽ അതിന് കാരണം ഒരു പക്ഷേ, നിങ്ങളായിരിക്കണമെന്നില്ല. കാരണക്കാർ അവരുടെ മേലുദ്യോഗസ്ഥരാകാം. ഒന്നിരിക്കാൻ പോലും അനുവദിക്കാതെ നടുറോഡിൽ നിന്ന് ഡ്യൂട്ടി നോക്കണമെന്നാണ് ചില പൊലീസ് ഓഫീസർമാർ സി.പി.ഒമാർക്ക് നൽകിയിരിക്കുന്ന നിർദ്ദേശം. കാലു കുഴയുമ്പോൾ ദേഷ്യം അതുവഴി വരുന്നവരുടെ നേർക്ക് കാണിക്കുന്നുവെന്ന് മാത്രം. എസ്.ഐമാരും നടുറോഡിൽ വാഹന പരിശോധന ഡ്യൂട്ടി ചെയ്യേണ്ടി വരുന്നുണ്ട്. എന്തുകൊണ്ട് ഓഫീസർമാർ ഇങ്ങനെ നിർദ്ദേേശങ്ങൾ നൽകുന്നുവെന്നതിന് പൊലീസുകാർക്കിടയിൽ നിന്നു തന്നെ മറുപടിയുണ്ട്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്ഥലം മാറി വന്നവരാണ് ഡ്യൂട്ടിയിലുള്ളത്. അവർക്ക് തിരിച്ച് പോകാനുളള സമയം കഴിഞ്ഞു. ലോക്ക്ഡൗൺ ആയതുകൊണ്ടാണ് അത് മരവിപ്പിച്ചിരിക്കുന്നത്. മോശം പെരുമാറ്റം ആകുമ്പോൾ പരാതി ഉയരും. നടപടിവരും. അങ്ങനെയെങ്കിലും തിരികെ പോകാമല്ലോ!