വക്കം: വക്കത്ത് കൊവിഡ് വ്യാപനം രൂക്ഷമാവുന്നു. പഞ്ചായത്തിലെ പകുതി വാർഡുകളിൽ കടുത്ത നിയന്ത്രണവും ഏർപ്പെടുത്തിക്കഴിഞ്ഞു. 1,6, 8, 11,12,13,14 വാർഡുകളിലാണ് രോഗികളുടെ എണ്ണം വർദ്ധിച്ചത്.

11-ാം വാർഡിലാണിപ്പോൾ കൂടുതൽ രോഗികൾ. കഴിഞ്ഞ ദിവസം 139 പേർ രോഗബാധിതരാണന്നാണ് അധികൃതർ നൽകുന്ന വിവരം. ഇവരിൽ 100 പേർ ഹോം ഐസൈലേഷനിലും, 24 പേർ ഡി.സി.സിയിലും, 9 പേർ സി.എഫ്.എൽ.ടി.സിയിലും, 6 പേർ ആശുപത്രിയിലുമാണ്. 12 മരണമാണ് ഔദ്യോഗികമായി റിപ്പോർട്ട് ചെയ്തത്. വക്കത്ത് രോഗവ്യാപനം രൂക്ഷമായ 11-ാം വാർഡിൽ തിങ്കളാഴ്ച രണ്ടിടത്ത് കൊവിഡ് കൂട്ട ആന്റിജൻ പരിശോധന നടത്താൻ ആരോഗ്യവകുപ്പ് തീരുമാനിച്ചിരിക്കുകയാണ്. രോഗവ്യാപനം കുടുതലുള്ള വാർഡുകൾ അടച്ചിടണമെന്ന നിർദ്ദേശവും ഉയർന്നിട്ടുണ്ട്. ജനങ്ങൾ കർശന നിയന്ത്രണങ്ങൾ പാലിക്കണമെന്നാവശ്യപ്പെട്ട് ഗ്രാമപഞ്ചായത്തിൽ വാഹന അനൗൺസ്മെന്റും നടത്തുന്നുണ്ട്. ഒരു ഘട്ടത്തിൽ 11-ാം വാർഡിൽ രോഗികളുടെ എണ്ണം 50 കഴിഞ്ഞിരുന്നു. ഇവിടെ കടുത്ത നിയന്ത്രണങ്ങൾ വേണമെന്ന ആവശ്യം നടപ്പിലാക്കാൻ ബന്ധപ്പെട്ടവർക്ക് കഴിഞ്ഞിട്ടുമില്ല. 4803 പേർക്ക് ആന്റിജൻ ടെസ്റ്റുo, 856 പേർക്ക് ആർ.ടി.പി.സി.ആർ ടെസ്റ്റുo നടത്തി. 7670 പേർക്ക് വാക്സിനേഷനും നൽകിയിട്ടുണ്ട്.