ബാലരാമപുരം: ഓൺലൈൻ ക്ലാസിൽ പങ്കെടുക്കാൻ സ്മാർട്ട് ഫോണോ ടിവിയോ ഇല്ലാത്തതിനാൽ പഠനം വഴിമുട്ടിയ സൂര്യദേവിനും ഗോപികാചന്ദ്രനും പ്രോഗ്രസീവ് ഗ്രന്ഥശാലയിലെ പ്രവർത്തകർ ടെലിവിഷനുമായി വീട്ടിലെത്തി. ബാലരാമപുരം തലയൽ പാറക്കുഴി പുത്തൻവീട്ടിൽ പെയിന്റിംഗ് തൊഴിലാളിയായ വിജയചന്ദ്രന്റെയും നെയ്ത്തു തൊഴിലാളിയായ അശ്വതിയുടെയും മക്കളായ ആറാം ക്ലാസുകാരൻ സൂര്യദേവിനും മൂന്നാം ക്ലാസുകാരി ഗോപികാ ചന്ദ്രനുമാണ് സമീപത്തെ പ്രോഗ്രസീവ് ഗ്രന്ഥശാല ഭാരവാഹികൾ ടിവി എത്തിച്ചത്. കഴിഞ്ഞദിവസം സി.പി.എം നേമം ഏരിയാ സെക്രട്ടറി പാറക്കുഴി സുരേന്ദ്രനും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി.സുരേഷ് കുമാറും ചേർന്ന് ഗ്രാമ പഞ്ചായത്തംഗം കെ.ഗോപിനാഥന്റെ നേതൃത്വത്തിലാണ് ടിവി സമ്മാനിച്ചത്. പാറക്കുഴി പ്രോഗ്രസീവ് ഗ്രന്ഥശാല ഭാരവാഹികളായ ടി.സുരേന്ദ്രൻ, ബി.മോഹനൻ നായർ, മഹേഷ്, മുരുകേശൻ എന്നിവർ പങ്കെടുത്തു. സൂര്യദേവും ഗോപികാ ചന്ദ്രനും തലയൽ ഡി.വി.യു.പി.എസിലെ വിദ്യാർത്ഥികളാണ്.