പൂവാർ: ലോക്ക് ഡൗണിന്റെ മറവിൽ ചാരായം വാറ്റി വില്പന നടത്തിയ സംഭവത്തിൽ ഒരാളെ പൂവാർ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളിൽ നിന്ന് നാല് ലിറ്റർ ചാരായവും പിടിച്ചെടുത്തു. പൂവാർ ഉപ്പുക്കുട്ടുവിളാകം റഹ്മത്ത് മൻസിലിൽ അഹമ്മദലി (42) നെയാണ് പൂവാർ സി.ഐ എം. അജയമോഹൻ, എസ്.ഐ അനിൽകുമാർ എന്നിവരുടെ നേതൃത്വത്തിൽ പിടികൂടിയത്. പൂവാർ തെറ്റിക്കാട് ബണ്ടിന് സമീപത്തെ റിസോർട്ടിലെ നടത്തിപ്പുകാരിൽ ഒരാളാണ് അഹമ്മദലി. ഇവിടെ വില്പന നടത്താൻ എത്തിച്ച മദ്യമാണ് പിടികൂടിയത്. പൊഴിക്കരയിലെ കണ്ടൽക്കാടുകൾക്കിടയിൽ വച്ചാണ് ചാരായം വറ്റിയതെന്ന് ഇയാൾ പൊലീസിനോട് പറഞ്ഞു. കൂട്ട് പ്രതികൾക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

തമിഴ്നാട്ടിൽ നിന്നുള്ള മദ്യം കിട്ടാതായതോടെ അതിർത്തി മേഖലയിലും നെയ്യാറിന്റെ തീരത്തെ കണ്ടൽക്കാടുകൾ കേന്ദ്രീകരിച്ചും കള്ളവാറ്റ് വ്യാപകമായി നടക്കുന്നതായി നാട്ടുകാർ പറയുന്നു.