covid-

തിരുവനന്തപുരം: കൊവിഡിനെതിരായ പോരാട്ടത്തിന് മുൻനിരയിലുള്ള മെഡിക്കൽ കോളേജ് ആശുപത്രിക്കുമേൽ അമിതഭാരം കെട്ടിവച്ച് വീർപ്പുമുട്ടിക്കുന്നു. താങ്ങാവുന്നതിൽ കൂടുതൽ ഭാരം ചുമക്കുന്ന മെഡിക്കൽ കോളേജ് ആശുപത്രിയിലെ പരിമിതമായ ആരോഗ്യ സംവിധാനങ്ങളിലും ആരോഗ്യപ്രവർത്തകരിലും നാൾക്കുനാൾ ഭാരം അടിച്ചേൽപ്പിക്കുന്നുവെന്നാണ് പരാതി. കൊവിഡ് പോരാട്ടം ഒന്നരവർഷമായി തുടരുമ്പോഴും മെഡിക്കൽ കോളേജ് ആശുപത്രിയെ ആശ്രയിക്കാതെ കൊവിഡ് ചികിത്സയ്ക്ക് വിപുലമായ സംവിധാനം ഒരുക്കുന്നതിൽ ജില്ലാ ഭരണകൂടവും ആരോഗ്യസംവിധാനങ്ങളും പരാജയപ്പെട്ടന്ന ആക്ഷേപമുണ്ട്. മെഡിക്കൽ കോളേജിന് പുറത്ത് ജനറൽ ആശുപത്രിയിലെ കൊവിഡ് ചികിത്സാ കേന്ദ്രത്തിനും പരിമിതമായ സംവിധാനം മാത്രമാണുള്ളത്. രോഗിയുടെ സ്ഥിതി വഷളായാൽ മെഡിക്കൽ കോളേജിലെത്തിക്കും. കൊവിഡിന്റെ തുടക്കത്തിലുണ്ടായിരുന്നതിനെക്കാൾ ഇരട്ടിയിലധികമാണ് ഇപ്പോൾ ഇവിടത്തെ ചികിത്സാ സംവിധാനങ്ങളുടെ എണ്ണം. ഇതുകൂടാതെ 150കിടക്കകൾ വീതമുള്ള വട്ടപ്പാറയിലും വർക്കലയിലും പ്രാഥമിക ചികിത്സാകേന്ദ്രങ്ങളുടെ ചുമതലയും മെഡിക്കൽ കോളേജിലെ ഡോക്ടർമാർക്കാണ്. കണ്ണാശുപത്രിയിലെ പഴയകെട്ടിടത്തിൽ ആരംഭിച്ച 200 കിടക്കകളുള്ള കൊവിഡ് ചികിത്സാകേന്ദ്രത്തിന്റെ ചുമതലയും മെഡിക്കൽ കോളേജിന്റെ തലയിലാണ്. കിടക്കകളും ഐ.സി.യുവും വർദ്ധിപ്പിക്കണമെന്ന നിർദ്ദേശങ്ങൾ ലഭിക്കുന്ന മുറയ്ക്ക് ഇല്ലാത്ത സംവിധാനങ്ങൾ തട്ടിക്കൂട്ടിയാണ് മെഡിക്കൽ കോളേജ് ആവശ്യം നിറവേറ്റുന്നത്.

ഇതര രോഗികൾ വഴിയാധാരം

കൊവിഡ് ചികിത്സയ്ക്ക് മാത്രമായി മെഡിക്കൽ കോളേജ് ആശുപത്രിയെ മാറ്റിയതോടെ ഇതര ചികിത്സാ വിഭാഗങ്ങൾ പൂർണമായും സ്തംഭിച്ചിരിക്കുകയാണ്. അടിയന്തര ശസ്ത്രക്രിയകൾ പോലും നടക്കുന്നില്ല. മറ്റ് ജില്ലകളിൽ ഉൾപ്പെടെയുള്ള നിരവധി പേർ മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയ കാത്തിരിക്കുകയാണ്. ന്യൂറോളജി, കാർഡിയോളജി, നെഫ്രോളജി, യൂറോളജി തുടങ്ങി വിഭാഗങ്ങളിൽ ചികിത്സ തേടിയിരുന്നവർ വഴിയാധാരമാണിപ്പോൾ.

കഥയറിയാതെ ആട്ടം കാണുന്ന പി.ജികൾ

വിവിധ വിഭാഗങ്ങളിൽ പി.ജി പഠനത്തിന് എത്തുന്ന വിദ്യാർത്ഥികൾ കഥയറിയാതെ ആട്ടം കണ്ട് മടങ്ങുകയാണ്. സ‌്പെഷ്യാലിറ്റി ഒ.പികൾ ഉൾപ്പെടെ അവസാനിപ്പിച്ചതോടെ ഇവരും എന്തുചെയ്യണമെന്ന് അറിയാത്ത സ്ഥിതിയിലാണ്. കഴിഞ്ഞ വർഷത്തെ ബാച്ച് കൊവിഡ് രോഗികളെ മാത്രം ചികിത്സിച്ച് പി.ജി പഠനം പൂർത്തിയാക്കി മടങ്ങി. നിലവിലെ ബാച്ചിനും സമാനമായ സ്ഥിതിയാണ്. ഈ അവസ്ഥ ഗുണത്തേക്കാളേറെ ദോഷമായിരിക്കും നൽകുക.

 കൊവിഡ് ചികിത്സയ്ക്ക് ജില്ലാ താലൂക്ക് ആശുപത്രികളെ സജ്ജമാക്കാമെന്നിരിക്കെ എല്ലാഭാരവും മെഡിക്കൽ കോളേജ് ആശുപത്രിക്കുമേൽ ചാരാനുള്ള പ്രവണത അവസാനിപ്പിക്കണം. കൊവിഡിനെ അടുത്തകാലത്തൊന്നും പൂ‌ർണമായി തുടച്ചുനീക്കാനാവില്ലെന്ന വസ്തുത തിരിച്ചറിയണം. മറ്റ് ചികിത്സകൾ തുടരാനും സംവിധാനമൊരുക്കണം.

ഡോ. ആർ.സി. ശ്രീകുമാർ

പ്രസിഡന്റ്, കേരള ഗവ.മെഡിക്കൽ കോളേജ് ടീച്ചേഴ്സ് അസോസിയേഷൻ

തിരുവനന്തപുരം യൂണിറ്റ്

മെഡിക്കൽ കോളേജ് ആശുപത്രി 2020ൽ

( കൊവിഡ് ചികിത്സ )​

കിടക്കൾ 510

ഐ.സി.യു 135

ആകെ 645

2021ൽ

കിടക്കകൾ 638

ഐ.സി.യു 225

ഓക്‌സിജൻ കിടക്കകൾ 527

(7,8 വാർഡുകൾ ഉൾപ്പെടെ)

ആകെ 1390