തിരുവനന്തപുരം: സ്വർണക്കടത്ത് വിവാദങ്ങളെത്തുടർന്ന് ഡിപ്ലോമാറ്റിക് വിഭാഗത്തിൽപ്പെടാത്ത കരാർ ജീവനക്കാരെ പുറത്താക്കി തിരുവനന്തപുരത്തെ യു.എ.ഇ കോൺസുലേറ്റ്. സ്വർണക്കടത്ത് പ്രതി സ്വപ്നയുടെ ശുപാർശയിലായിരുന്നു താത്കാലിക ജീവനക്കാരിൽ മിക്കവരെയും നിയമിച്ചിരുന്നത്. കോൺസുലേറ്റിലെ ഡിപ്ലോമാറ്റിക് വിഭാഗത്തിൽപ്പെടുന്ന ഉദ്യോഗസ്ഥരിൽ ചിലരെ യു.എ.ഇ സ്ഥലം മാറ്റിയിട്ടുണ്ട്. കോൺസുൽ ജനറലായിരുന്ന ജമാൽ ഹുസൈൻ അൽസാബിയെ മറ്റൊരു ചുമതലയിലേക്ക് മാറ്റി. ഡിപ്ലോമാറ്റിക് വിഭാഗത്തിലുള്ളവരെ നിയമിക്കുന്നത് യു.എ.ഇ വിദേശകാര്യ മന്ത്രാലയമാണ്. മറ്റ് വിഭാഗങ്ങളിലുള്ളവരെയും ഇനിമുതൽ നേരിട്ട് നിയമിക്കാനാണ് യു.എ.ഇയുടെ തീരുമാനം.