വെള്ളറട: ക്രിട്ടിക്കൽ കണ്ടെയ്ൻമെന്റ് സോണിലെ പനച്ചമൂട് ജംഗ്ഷനിൽ നൂറോളം പേർ പങ്കെടുക്കുന്ന മത്സ്യ ലേലം നടക്കുന്നു. അന്യസംസ്ഥാനങ്ങളിൽ നിന്ന് അർദ്ധരാത്രിയിലെത്തുന്ന ചീഞ്ഞമത്സ്യങ്ങളടക്കം പുലർച്ചെ ഒന്നര മണിക്ക് ഇവിടെ വച്ച് ലേലം ചെയ്യുകയാണ്. ജനങ്ങളെ നിയന്ത്രിക്കുന്നതിനോ അനധികൃത ലേലം തടയുന്നതിനോ ചീഞ്ഞമത്സ്യം പിടികൂടാനോ അധികൃതർ തയ്യാറായിട്ടില്ല. പനച്ചമൂട് മാർക്കറ്റടച്ചതോടെ നെയ്യാറ്റിൻകര വെള്ളറട റോഡിൽ വാഹനങ്ങളിൽ വച്ചാണ് ലേലം നടക്കുന്നത്. മാസങ്ങളോളം പഴകിയ മത്സ്യങ്ങളാണ് ചെറുകിട കച്ചവടക്കാർ പുലർച്ചെ വീടുകളിൽ കൊണ്ടുപോയി വിൽക്കുന്നത്. കഴിഞ്ഞ ദിവസം ഇത്തരത്തിൽ വാങ്ങിയ നൊത്തോലിയിലും ചൂരയിലും വ്യാപകമായി പുഴു കണ്ടെന്നും ഇത് കഴിച്ചവർ ഛർദ്ദിയും വയറിളക്കവുമായി ആശുപത്രിയിലാണെന്നും നാട്ടുകാർ പറയുന്നു. ആരോഗ്യവകുപ്പോ ഫുഡ് സേഫ്റ്റി വകുപ്പോ ഈ അനധികൃത മത്സ്യവ്യാപാര കേന്ദ്രങ്ങളിൽ പരിശോധന നടത്താൻ തയ്യാറാകുന്നില്ല. തിരക്ക് കുറയ്ക്കാൻ മാർക്കറ്റ് അടച്ചെങ്കിലും ഇപ്പോൾ മാർക്കറ്റിനെക്കാൾ തിരക്കാണ് പനച്ചമൂട് ജംഗ്ഷനിൽ.