ബാലരാമപുരം: ബാലരാമപുരം പഞ്ചായത്ത് പൊതുമാർക്കറ്റ് കെട്ടിടത്തിലെ കോൺക്രീറ്റ് പാളി അടർന്നു വീണത് യാത്രക്കാരിൽ പരിഭ്രാന്തി പരത്തി. സംഭവസമയം മാർക്കറ്റ് കെട്ടിടത്തിന് സമീപം നടന്നുപോയ സ്ത്രീ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. ലോക്ക് ഡൗണായതിനാൽ മാർക്കറ്റിൽ ആളുകൾ കുറവായതിനാൽ വൻ അപകടം ഒഴിവായി.
മാർക്കറ്റിലെ ഒന്നാം നിലയിലെ കോൺക്രീറ്റ് പാളിയാണ് അടർന്ന് വീണത്. സംഭവമറിഞ്ഞ് പഞ്ചായത്ത് പ്രസിഡന്റ് വി. മോഹനൻ, വാർഡ് മെമ്പർ സക്കീർ ഹുസൈൻ, പഞ്ചായത്ത് സെക്രട്ടറി ബിജുകുമാർ എന്നിവർ സ്ഥലം സന്ദർശിച്ചു. 2013 മുതൽ കെട്ടിടം അപകടസ്ഥിതിയിലായിട്ടും പഞ്ചായത്ത് ഭരണസമിതി നടപടി സ്വീകരിക്കാത്തതിനെതിരെ ആക്ഷേപമുയരുകയാണ്. പഞ്ചായത്ത് കമ്മിറ്റി അടിയന്തര ചർച്ച നടത്തി കെട്ടിടം പുനഃരുദ്ധരിക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.
ക്യാപ്ഷൻ: ബാലരാമപുരം പഞ്ചായത്ത് പൊതുമാർക്കറ്റ് കെട്ടിടത്തിലെ കോൺക്രീറ്റ് പാളി അടർന്ന് വീണ സ്ഥലം പഞ്ചായത്ത് പ്രസിഡന്റ് വി. മോഹനൻ സന്ദർശിക്കുന്നു