bala

തിരുവനന്തപുരം: ഹെപാരിൻ അടക്കമുള്ള മരുന്നുകളുടെ നികുതി ഒഴിവാക്കാത്ത കേന്ദ്ര നിലപാട് നിരാശാജനകമാണെന്ന് ധനമന്ത്രി കെ.എൻ.ബാലഗോപാൽ പറഞ്ഞു. ജി.എസ്.ടി കൗൺസിൽ യോഗത്തിന് ശേഷം മാദ്ധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാനങ്ങളുടെ യോജിച്ച നിലപാടാണ് കൊവിഡ് മരുന്നുകളുടെയും ചികിത്സാ സാമഗ്രികളുടെയും ജി.എസ്.ടി കുറയ്‌ക്കാൻ കാരണം. എല്ലാ സാധനങ്ങൾക്കും പൂജ്യം അല്ലെങ്കിൽ 0.1 ശതമാനം നികുതിയാണ് കേരളം നിർദ്ദേശിച്ചത്. സാങ്കേതിക കാര്യങ്ങൾ പറഞ്ഞ് കേന്ദ്രം ഈ നിർദേശം തള്ളുകയായിരുന്നു.
വാക്സിന്റെ നികുതി ഒഴിവാക്കണമെന്ന ആവശ്യം നിരസിച്ചതും സംസ്ഥാനങ്ങളുടെ താൽപര്യങ്ങൾക്ക് വിരുദ്ധമാണ്. 75 ശതമാനം പേർക്ക് കേന്ദ്രം വാക്സിൻ ലഭ്യമാക്കുന്നതിനാൽ സ്വകാര്യ ആശുപത്രികൾക്കുള്ള വാക്സിൻ നികുതി ഒഴിവാക്കേണ്ടെന്ന നിലപാടാണ് കേന്ദ്ര ധനമന്ത്രി സ്വീകരിച്ചത്. ജി.എസ്.ടി കൗൺസിലിലും, മന്ത്രിതല സമിതിയിലും പ്രകടമായ യോജിപ്പ് അവഗണിക്കാൻ കേന്ദ്രത്തിന് കഴിഞ്ഞില്ല.
പോർട്ടബിൾ ഹോസ്പിറ്റൽ യൂണിറ്റിന്റെ നികുതിയും കുറച്ചിട്ടില്ല. നൂറ്റാണ്ടിൽ നേരിട്ടിട്ടില്ലാത്ത അനുഭവമാണ് ഇപ്പോൾ. അതിനനുസരിച്ചുള്ള നടപടികളാണ് ആവശ്യം. ഇളവുകൾക്ക് ആഗസ്‌റ്റ് വരെയാണ് കേന്ദ്ര ധനമന്ത്രി നിർദ്ദേശിച്ചത്. ശക്തമായ ആവശ്യത്തെ തുടർന്നാണ് ഇത് സെപ്തംബർ വരെ നീട്ടിയതെന്നും കെ. എൻ ബാലഗോപാൽ പറഞ്ഞു.