വെമ്പായം: മാണിക്കൽ പഞ്ചായത്തിലെ കൊവിഡ് പ്രതിരോധ വാക്സിൻ അട്ടിമറിക്കുന്നെന്ന് ആക്ഷേപം. സംസ്ഥാനമൊട്ടാകെ ജനസംഖ്യ ആനുപാതികമായി കേന്ദ്ര സർക്കാരാണ് വാക്സിൻ അനുവദിക്കുന്നത്. ഇങ്ങനെ അനുവദിച്ച വാക്സിൻ മാണിക്കൽ പഞ്ചായത്തിൽ നീതി പൂർവകമല്ല വിതരണം ചെയ്യുന്നതെന്ന് ഒരു വിഭാഗം ജനങ്ങൾ കുറ്റപ്പെടുത്തുന്നു. ജനസംഖ്യ അടിസ്ഥാനത്തിൽ ജില്ലയിൽ ആളുകൾ കൂടുതലുള്ള പഞ്ചായത്താണ് മാണിക്കൽ. എന്നാൽ രോഗികളുടെ എണ്ണം വർദ്ധിച്ചതോടെ കണ്ടെയ്ൻമെന്റ് സോണിലായ മാണിക്കൽ പഞ്ചായത്തിൽ വാക്സിൻ കിട്ടാക്കനിയായിരിക്കുകയാണ്.
സൗജന്യ വാക്സിൻ എടുക്കാൻ ആയിരവും രണ്ടായിരവും ഒക്കെ മുടക്കി മറ്റു സ്ഥലങ്ങളിലേക്ക് പോകേണ്ട ഗതികേടിലാണ് പ്രദേശവാസികൾ.
തൊട്ടടുത്ത വെമ്പായം, പുല്ലമ്പാറ, കന്യാകുളങ്ങര, നെല്ലനാട് പഞ്ചായത്തുകളിൽ ആഴ്ചയിലൊരിക്കലെങ്കിലും വാക്സിൻ വിതരണമുണ്ടെങ്കിൽ മാണിക്കലിൽ അതുപോലും സാദ്ധ്യമാകുന്നില്ല. വാക്സിൻ ആദ്യ ഡോസ് എടുത്ത് 84 ദിവസം കഴിഞ്ഞവർ വരെ ഇവിടെയുണ്ട്. 18നും 44നും ഇടയിലുള്ള ഒരാൾക്കുപോലും വാക്സിൻ കിട്ടിയിട്ടുമില്ല. നോഡൽ ഓഫീസറുടെ കാലുപിടിച്ച് അപേക്ഷിച്ചിട്ടും വാക്സിൻ നൽകുന്നില്ലെന്ന വിശദീകരണമാണ് പഞ്ചായത്ത് അധികൃതർ നൽകുന്നത്.