biju

കിളിമാനൂർ: സൗദിയിൽ മരിച്ച കിളിമാനൂർ കക്കാകുന്ന് സ്വദേശി ബിജുവിന്റെ കുടുംബത്തെ ഏറ്റെടുത്തു ആലത്തൂകാവ് ഫ്രണ്ട്‌സ് റസിഡന്റ്‌സ് അസോസിയേഷനും തിരുവനന്തപുരം കേന്ദ്രമാക്കി പ്രവർത്തിക്കുന്ന കലേഷ് ബാബു ഫൗണ്ടേഷനും രംഗത്ത്.

ബിജുവിന്റെ മൃതദേഹം നാട്ടിൽ എത്തിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കുമെന്നും ഭാര്യ രാജിയെ ഒ.എസ്. അംബിക എം.എൽ.എ അറിയിച്ചു. ഇക്കഴിഞ്ഞ മാർച്ച്‌ 19 നാണ് ബിജു മരിച്ചത്. അതേ ദിവസം തിരുവനന്തപുരത്ത് വാഹനാപകടത്തിൽ മരിച്ച ശശീന്ദ്ര ബാബു – കല ദമ്പതികളുടെ മകൻ കലേഷ് ബാബുവിന്റെ സ്മരണാർത്ഥം കുടുംബം ആരംഭിച്ച കലേഷ് ബാബു ഫൗണ്ടഷൻ ബിജുവിന്റെ മകൾ ശിവാനിയുടെ വരുന്ന മൂന്ന് വർഷത്തെ വിദ്യാഭ്യാസ ചെലവുകൾ ഏറ്റെടുത്തു. ഇതിന്റെ സമ്മതപത്രവും ആദ്യ ഗഡു വിദ്യാഭ്യാസ സഹായവും ഫൗണ്ടഷന്റെ പ്രവർത്തനാരംഭവും എം.എൽ.എ നിർവഹിച്ചു.

ഫ്രണ്ട്‌സ് റസിഡന്റ്‌സ് അസോസിയേഷൻ സ്വരൂപിച്ച കുടുംബ സഹായ ഫണ്ട്‌ കിളിമാനൂർ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ ടി.ആർ. മനോജ്‌ കൈമാറി. പഠനോപകരണക്കിറ്റ് പഞ്ചായത്ത് അംഗം എ. മുരളീധരൻ ശിവാനിക്ക് കൈമാറി. ജില്ലാ പഞ്ചായത്ത്‌ അംഗം ബേബിസുധ, ഫ്രാക് പ്രസിഡന്റ്‌ മോഹൻ വാലഞ്ചേരി എന്നിവർ സംസാരിച്ചു. അസോസിയേഷൻ പ്രസിഡന്റ്‌ സാബു അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ജി. ചന്ദ്രബാബു സ്വാഗതവും വൈസ് പ്രസിഡന്റ്‌ ശശിധരൻ പിള്ള നന്ദിയും പറഞ്ഞു.