പാലോട്: കൊവിഡ് വ്യാപനം രൂക്ഷമായ നന്ദിയോട് ഗ്രാമപഞ്ചായത്തിലെ ആലംപാറ, പുലിയൂർ വാർഡുകൾ പൂർണമായ കൊവിഡ് മുക്ത വാർഡുകൾ ആയി മാറി. ആരോഗ്യ വകുപ്പിന്റെയും, പഞ്ചായത്തിന്റെയും പൊലീസിന്റെയും കർമ്മ സേനയുടേയും കാവൽ ഗ്രൂപ്പിന്റെയും, നേതൃത്വത്തിൽ നടത്തിയ ഇടപെടലുകളാണ് ഈ നേട്ടം കൈവരിക്കാൻ സാധിച്ചതെന്ന് വാർഡ് മെമ്പർമാരായ സനൽകുമാറും, നന്ദിയോട് രാജേഷും പറഞ്ഞു. കൊവിഡ് രോഗബാധിതരായി കഴിഞ്ഞിരുന്നവർക്ക് ആവശ്യമായ മരുന്നുകളും ഭക്ഷണവും എത്തിച്ചതിനു പുറമേ പൊലീസിന്റെയും ആരോഗ്യ വകുപ്പിന്റെയും കർശന നിരീക്ഷണം ഈ വാർഡുകളിലെ ജനജീവിതം സാധാരണഗതിയിലെത്തിക്കാൻ സഹായകമായി. കൊവിഡിൽ നിന്നും മുക്തമായി എങ്കിലും വാർഡുകളിൽ ഇനിയും കർമ്മ സേനയുടെ പ്രവർത്തനം തുടരുമെന്നും മെമ്പർമാർ അറിയിച്ചു.