കല്ലമ്പലം: കരവാരം പഞ്ചായത്തിൽ ദുരിതം അനുഭവിക്കുന്ന നിർദ്ധന കുടുംബത്തിന് വീട് ലഭ്യമാക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ഷിബുലാൽ പറഞ്ഞു. ആറാം വാർഡിലുൾപ്പെട്ട തേവലക്കാട് കുന്നിൽ കിഴക്കുംകര വീട്ടിൽ രാധയ്ക്കാണ് വീട് നൽകുന്നത്. മഴക്കെടുതിയിൽ മണ്ണിടിഞ്ഞ് വീടിന് കേടുപാടുകൾ സംഭവിച്ചിരുന്നു. ബുദ്ധിമാന്ദ്യമുള്ള സംഭവിച്ച ഒരു പെൺകുട്ടി അടക്കം കുടുംബത്തിലെ എല്ലാവർക്കും കൊവിഡ് ബാധിച്ചിരുന്നു. ഇതിൽ നിന്നും മുക്തി നേടും മുമ്പാണ് വീട് തകർന്നത്. തുടർന്ന് കുടുംബത്തെ മറ്റൊരിടത്ത് താത്കാലികമായി മാറ്റി പാർപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ഷിബുലാൽ വീട് സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തിയിരുന്നു. അടിയന്തര സഹായമായി ചിറയിൽ മാടൻനട ക്ഷേത്രത്തിന്റെ പേരിൽ ചിറയിൽ നിവാസികൾ സ്വരൂപിച്ച 10,001 രൂപ രാധയ്ക്ക് കൈമാറി.