നെയ്യാറ്രിൻകര: അന്താരാഷ്ട്ര രക്തദാന ദിനാചരണത്തിൽ രക്തദാനത്തിലൂടെ ആദരവ് നേടിയ ബൈജു നെല്ലിമൂടിന് നാടിന്റെ സ്നേഹ സമർപ്പണം. നെയ്യാറ്റിൻകര കെ.എസ്.ആർ.ടി.സി യൂണിറ്റ് ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന രക്തദാന സേനയാണ് തങ്ങളുടെ കൂട്ടായ്മയ്ക്ക് അകാലത്തിൽ കൊവിഡ് തട്ടിയെടുത്ത ബൈജുവിന്റെ നാമകരണം നൽകാൻ തീരുമാനിച്ചത്.
ഇതിന്റെ ഭാഗമായി അദ്ദേഹം ചികിത്സയിൽ കഴിഞ്ഞിരുന്ന ആറാലുംമൂട് നിംസ് മെഡിസിറ്റിയിൽ ഇന്ന് രാവിലെ 9.30 മുതൽ സന്നദ്ധ രക്തദാന ക്യാമ്പും സംഘടിപ്പിച്ചിട്ടുണ്ട്. ബൈജു നെല്ലിമുട് രക്തദാന സേനയുടെയും ക്യാമ്പിന്റെയും ഉദ്ഘാടനം കെ. ആൻസലൻ എം.എൽ.എ നിർവഹിക്കും. കെ.എസ്.ആർ.ടി.സി എ.ടി.ഒ മുഹമ്മദ് ബഷീർ, നിംസ് മാനേജിംഗ് ഡയറക്ടർ ഫൈസൽ ഖാൻ, രക്തദാനസേന കോ-ഓർഡിനേറ്റർ എൻ.കെ. രഞ്ജിത്ത്, വി. അശ്വതി തുടങ്ങിയവർ പങ്കെടുക്കും. രക്തദാനത്തിന് തയ്യാറുള്ള എല്ലാവർക്കും സേനയിൽ അംഗമാകാം. ഫോൺ: 9846067232.