police

വെഞ്ഞാറമൂട്: കൊവിഡ് പിടിച്ചുനിറുത്താൻ നടപടി കടുപ്പിച്ച് വെഞ്ഞാറമൂട് പൊലീസ്. ശനി, ഞായർ ദിവസങ്ങളിൽ നിയന്ത്രണം കടുപ്പിച്ചതിന്റെ ഭാഗമായാണ് രണ്ടു ദിവസമായി വെഞ്ഞാറമൂട്, വെമ്പായം, വാമനപുരം ജംഗ്ഷനുകളിൽ പൊലീസ് പരിശോധന ശക്തമാക്കിയത്. കൂടാതെ പ്രധാന ജംഗ്ഷനുകളിലെല്ലാം ബൈക്ക് പട്രോളിഗും ഏർപ്പെടുത്തിയിരുന്നു.

അനാവശ്യമായി പുറത്തിറങ്ങുന്നവർക്കെതിരെ കേസ് എടുത്തു. അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾക്ക് മാത്രമാണ് തുറക്കാൻ അനുമതി നൽകിയത്. നിർദേശം അവ​ഗണിച്ച് തുറന്ന കടകൾക്ക് പിഴ ഈടാക്കി. കഴിഞ്ഞ ദിവസം മേഖലയിൻ പൊലീസ് നടത്തിയ പരിശോധനയിൽ 150 കേസുകൾ രജിസ്റ്റർ ചെയ്തു. 150 ഓളം വാഹനങ്ങളും പിടിച്ചെടുത്തു.

അനാവശ്യമായി പുറത്തിറങ്ങുക, പൊതുസ്ഥലങ്ങളിൽ കൂട്ടംകൂടുക തുടങ്ങിയ കാരണങ്ങളാലാണ് കേസുകൾ രജിസ്റ്റർ ചെയ്തത്. മാസ്‌ക് ധരിക്കാതെ പൊതുസ്ഥലങ്ങളിൽ ഇറങ്ങിയവർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. മാസ്‌ക് ധരിക്കേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തി പിഴ അടയ്ക്കാൻ നോട്ടീസ് നൽകി വിട്ടയച്ചു. സി.ഐ രതീഷ്, എസ്.ഐമാരായ സുജിത് ജി.നായർ, രാജേന്ദ്രൻ നായർ, എ.എസ്.ഐ ഷാജു തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.