തിരുവനന്തപുരം : കൊവിഡ് കാലത്ത് രക്തദാനത്തിന്റെ പ്രസക്തി വർദ്ധിച്ചിരിക്കുന്ന സാഹചര്യത്തിൽ മൂന്നു മാസത്തിലൊരിക്കൽ രക്തദാനം ശീലമാക്കണമെന്ന് ആരോഗ്യവകുപ്പ്. 18നും 65നും മദ്ധ്യേ പ്രായവും കുറഞ്ഞത് 45 കിലോഗ്രാം ഭാരവും ശാരീരിക-മാനസിക ആരോഗ്യവുമുള്ളവർ രക്തദാനത്തിന് മടിക്കരുത്. ലോക രക്തദാതാ ദിനാചരണത്തിന്റെ സംസ്ഥാനതലഉദ്ഘാടനം ഇന്ന് വൈകിട്ട് മൂന്നിന് മന്ത്രി വീണാ ജോർജ് ഓൺലൈനായി നിർവഹിക്കും. 'രക്തം ദാനം ചെയ്യൂ, ലോകത്തിന്റെ സ്‌പന്ദനം നിലനിറുത്തൂ' എന്നുള്ളതാണ് ഈ വർഷത്തെ ദിനാചരണ സന്ദേശം. കഴിഞ്ഞ ഒരു വർഷത്തെ കണക്കുകൾ പ്രകാരം മൂന്നേമുക്കാൽ ലക്ഷത്തോളം യൂണിറ്റ് രക്തം ശേഖരിക്കുന്നു. ഇതിൽ സന്നദ്ധ രക്തദാതാക്കളിൽ നിന്നു ലഭിച്ചിട്ടുള്ളത് 70 ശതമാനം മാത്രമാണ്. ഇത് വർദ്ധിപ്പിക്കണം. രാജ്യത്ത് 6 ശതമാനം മാത്രമാണ് സ്ത്രീകൾ. എന്നാലിപ്പോൾ ധാരാളം പെൺകുട്ടികൾ രക്തദാനത്തിനായി മുന്നോട്ട് വരുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.