നാഗർകോവിൽ: കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി അടച്ചുപൂട്ടിയ മദ്യശാലകൾ ഇന്നുമുതൽ തമിഴ്നാട്ടിൽ പ്രവർത്തനമാരംഭിക്കും. 27 ജില്ലകളിലാണ് തമിഴ്‌നാട്ടിൽ ആദ്യം മദ്യശാലകൾ തുറക്കുന്നത്. ബിവറേജസ് ഔട്ട്‌ലെറ്റുകൾ മാത്രമാവും തുറക്കുക. രാവിലെ 10 മുതൽ വൈകുന്നേരം 5 വരെയാണ് പ്രവർത്തന സമയം.

 ജീവനക്കാർ പാലിക്കേണ്ടത്

ബിവറേജസ് ഔട്ട്‌ലെറ്റുകൾ തുറക്കുന്നതിനും അടയ്ക്കുന്നതിനും മുന്നേ ദിവസവും അണുനശീകരണം നടത്തണം. മദ്യം വാങ്ങാൻ എത്തുന്നവർക്ക് സാനിറ്റൈസർ ചെയ്യാനുള്ള സംവിധാനം ഒരുക്കണം. മാസ്ക് ധരിക്കാത്തവർക്ക് മദ്യം നൽകാൻ പാടില്ല. മദ്യം വാങ്ങാൻ വരുന്നവർ ആറടി അകലം പാലിക്കണം. തിരക്ക് നിയന്ത്രിക്കാൻ പൊലീസ് ഉദ്യോഗസ്ഥരുടെ സഹായം തേടാം. അളവിൽ കൂടുതൽ മദ്യം വിൽക്കാൻ പാടില്ല തുടങ്ങിയ നിയന്ത്രണങ്ങൾ പാലിച്ചു മാത്രമേ മദ്യവില്പന നടത്താവൂ എന്ന് ജീവനക്കാർക്ക് സർക്കാർ അറിയിപ്പ് നൽകിയിട്ടുണ്ട്.

 ബി.ജെ.പി പ്രവർത്തകർ സമരം നടത്തി

തമിഴ്‌നാട്ടിൽ ബിവറേജസ് ഔട്ട്ലെറ്റുകൾ തുറക്കുന്നതിൽ പ്രതിഷേധിച്ച് കന്യാകുമാരി ജില്ലയിൽ ബി.ജെ.പി പ്രവർത്തകർ സമരം നടത്തി. ഇന്നലെ രാവിലെ പ്രവർത്തകർ വീടിന് പുറത്ത് സാമൂഹ്യ അകലം പാലിച്ചാണ് സമരം നടത്തിയത്.