നെയ്യാറ്റിൻകര: കൈനിറയെ സമ്മാനങ്ങളുമായി ഉടൻ വരാമെന്ന് മക്കളോട് പറഞ്ഞ് യാത്രയായ അശ്വതിയുടെ ചേതനയറ്റ ശരീരം തിരകെ നാട്ടിലെത്തിച്ചു. തന്റെ പ്രിയതമയുടെ ജീവനറ്റ ശരീരം കണ്ട് എട്ടും ആറും വയസുള്ള മക്കളെ ചേർത്തുപിടിച്ച് വിങ്ങിപ്പൊട്ടിയ അശ്വതിയുടെ ഭർത്താവ് ജിജോഷിനെ കണ്ടു നിന്നവർക്കർക്കും സങ്കടമടക്കാനായില്ല. കഴിഞ്ഞ നാലിനാണ് അവണാകുഴി താന്നിമുട് ഹരേരാമ ഹൗസിൽ ജിജോഷ് മിത്രയുടെ ഭാര്യ അശ്വതി വിജയൻ (31) സൗദി അറേബ്യയിലെ നജ്റാനിലുണ്ടായ വാഹനാപകടത്തിൽ മരിച്ചത്. നജ്റാനിൽ കിംഗ് ഖാലിദ് ആശുപത്രിയിൽ നഴ്സായി ജോലി നോക്കുകയായിരുന്നു അശ്വതി. നടപടികൾ പൂർത്തിയാക്കി ഇന്നലെ രാവിലെ തിരുവനന്തപുരം എയർപോട്ടിൽ എത്തിച്ച മൃതദേഹം നെയ്യാറ്റിൻകര എം.എൽ.എ കെ. ആൻസലനും ബന്ധുക്കളും ചേർന്ന് ഏറ്റുവാങ്ങി വീട്ടിലെത്തിച്ചു. ഭർത്താവിനെയും മകളേയും വാഹനാപകടത്തിന്റെ രൂപത്തിൽ വിധി തട്ടിയെടുത്തത് അശ്വതിയുടെ അമ്മ ജലജയ്ക്ക് ഉൾക്കൊളളാനായിട്ടില്ല. മകളുടെ വിറങ്ങലിച്ച ശരീരം കണ്ട് അലമുറയിട്ട അമ്മയെ സമാധാനപ്പെടുത്താൻ കൂടി നിന്നവർക്കായില്ല. വർഷങ്ങൾക്ക് മുമ്പ് അശ്വതിയുടെ അച്ഛനും ഒരു വാഹനാപകടത്തിലാണ് മരിച്ചത്. ചടങ്ങുകൾക്ക് ശേഷം മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു. മകൻ ദയാൽ ചിതയ്ക്ക് തീകൊളുത്തി. നെട്ടയം ടാഗോർ നഗറിൽ അശ്വതി ഭവനിൽ പരേതനായ വിജയന്റെയും ജലജയുടെയും മകളാണ് അശ്വതി. അരുൺ സഹോദരനാണ്. വീട്ടിൽ പൊതുദർശനത്ത് വച്ച മൃതദേഹത്തിൽ കോൺഗ്രസ് നേതാവ് നെയ്യാറ്റിൻകര സനൽ, ബി.ജെ.പി സംസ്ഥാന സമിതി അംഗം അതിയന്നൂർ ശ്രീകുമാർ, പ്രവാസി അതിയന്നൂർ മണ്ഡലം നേതാവ് രാമപുരം നടേശൻ, അതിയന്നൂർ പഞ്ചായത്ത് പ്രസിഡന്റ് വി.പി. സുനിൽകുമാർ, സാംസ്കാരിക രംഗത്തെ പ്രമുഖർ തുടങ്ങിയവർ ആദരാഞ്ജലി അർപ്പിച്ചു.