തിരുവനന്തപുരം: മുട്ടിൽ മരം മുറിക്കേസിൽ നിന്ന് സംസ്ഥാനത്തിന്റെ ശ്രദ്ധ തിരിച്ചുവിട്ട് വൻ തട്ടിപ്പിനു മറയിടാനാണ്, പട്ടയഭൂമിയായിട്ടും മണിക്കുന്ന് മലയിലെ മരംമുറിയിൽ കള്ളക്കേസ് ചമച്ചതെന്ന് സൂചന. കർഷകരെ ഇളക്കിവിട്ട് പ്രക്ഷോഭം നടത്തിക്കുകയെന്ന ലക്ഷ്യത്തോടെ താത്കാലിക വനം കൺസർവേറ്ററുടെ നേതൃത്വത്തിലായിരുന്നു ദുരൂഹ നീക്കം.
കോഴിക്കോട് വനം വിജിലൻസ് ഇൻസ്പെക്‌ഷൻ ആൻഡ് ഇവാല്യുവേഷൻ കൺസർവേറ്റർ ദേവപ്രസാദ് 12 ദിവസത്തെ അവധിയെടുത്ത് പോയതിന് തൊട്ടുപിന്നാലെ, സാമൂഹ്യ വനവത്കരണത്തിന്റെ ചുമതലയുള്ള കൺസർവേറ്റർ എൻ.ടി. സാജൻ താൽക്കാലിക ചുമതലയേറ്റതോടെയാണ് നാടകീയ നീക്കങ്ങളുടെ തുടക്കം. ഫെബ്രുവരി 12നാണ് ദേവപ്രസാദ് അവധിയിൽ പ്രവേശിച്ചത്.
പിറ്റേന്ന് രണ്ടാം ശനിയാഴ്ചയായിട്ടും ഓഫീസിൽ ചുമതലയേറ്റ സാജൻ പ്രശ്നത്തിൽ ഉടൻ ഇടപെട്ടു. വനാതിർത്തിക്കു പുറത്ത് 1200ഓളം പേർ താമസിക്കുന്ന മണിക്കുന്ന് മല ജന്മപട്ടയ ഭൂമിയായിട്ടും, അതിലെ മരംമുറിക്ക് കേസെടുത്തു.
വ്യാജ ഫോറം- 4 പാസ്സുപയോഗിച്ച് അനധികൃതമായി തടി കടത്തിയതിന് മുട്ടിൽ കേസ് പ്രതികൾക്കെതിരെ വഞ്ചനാകുറ്റം കൂടി ചുമത്തപ്പെട്ട ഘട്ടമായിരുന്നു അത്. കേരള വനനിയമം അനുസരിച്ചുള്ള കേസ് മുറുകുന്നുവെന്ന് മനസ്സിലാക്കിയാണ് മണിക്കുന്ന് മലയിൽ വ്യാജകേസ് കുത്തിപ്പൊക്കാൻ നീക്കമുണ്ടായതെന്നാണ് ആക്ഷേപം.
അപകടം മനസ്സിലാക്കി പ്രദേശത്തെ പരിസ്ഥിതി പ്രവർത്തകർ അന്നത്തെ വനം മന്ത്രിയുടെ ഓഫീസിൽ മുന്നറിയിപ്പ് നൽകിയതോടെ, കൺസർവേറ്റർ ദേവപ്രസാദിനോട് അവധി റദ്ദാക്കി തിരിച്ചെത്താൻ ആവശ്യപ്പെട്ടു. 16ന് രാവിലെ അദ്ദേഹം വീണ്ടും ചുമതലയേറ്റു. അതോടെ താത്‌കാലിക ചുമതലയൊഴിഞ്ഞ കൺസർവേറ്റർ സാജൻ, മണിക്കുന്ന് മല കേസ് റിപ്പോർട്ട് 15-ാം തിയതി വച്ച്, 17ന് വനം വകുപ്പ് ആസ്ഥാനത്തേക്ക് അയച്ചു. അതിനു മുമ്പാണ് കള്ളക്കളിക്ക് ഒത്താശ ചെയ്ത കോഴിക്കോട്ടെ മാദ്ധ്യമപ്രവർത്തകൻ ചാനലിൽ വാർത്ത നൽകിയതും ഉന്നതങ്ങളിലടക്കം വിളിച്ചതും.
റവന്യു ഉത്തരവിന് പിന്നിലെ വീഴ്ചകൾ
മുട്ടിലിലെയും മറ്റും അനധികൃത മരംമുറിക്കേസുകളിലേക്ക് നയിച്ചതും പിന്നീട് റദ്ദാക്കിയതുമായ റവന്യു ഉത്തരവിന് പിന്നിൽ ദുരൂഹത ഉയർത്തുന്ന വീഴ്ചകൾ ഉള്ളതായി ചൂണ്ടിക്കാണിക്കപ്പെടുന്നു. 1964-ലെ ഭൂപതിവ് ചട്ടം, 1986ലെ കേരള മരങ്ങൾ സംരക്ഷിക്കൽ നിയമം, 2017ലെ ഭൂപതിവ് ഭേദഗതി നിയമം എന്നിവയിലെ വ്യവസ്ഥകൾക്കു വിരുദ്ധമാണ് ഉത്തരവ്. ഇത്തരം ഉത്തരവിറക്കേണ്ടി വന്നാൽ, നിലവിലെ വ്യവസ്ഥകൾ സസ്പെൻഡ് ചെയ്യണം. അല്ലെങ്കിൽ അസാധാരണ സാഹചര്യം വിവരിച്ച് മന്ത്രിസഭ എക്സിക്യുട്ടീവ് ഉത്തരവിറക്കണം.