card

 കേന്ദ്രത്തോട് വ്യവസ്ഥാ ഇളവു തേടി

തിരുവനന്തപുരം: ഭക്ഷ്യ സുരക്ഷാ പദ്ധതിയുടെ മുൻഗണനാ പട്ടികയിൽ നിന്ന് നിസാര കാരണങ്ങളാൽ പുറത്തായ 24,​97,​520 കുടുംബങ്ങളെ ആ വിഭാഗത്തിൽ ഉൾപ്പെടുത്തി ആനുകൂല്യം ലഭ്യമാക്കാൻ സംസ്ഥാന സർക്കാർ നടപടി തുടങ്ങി.

ഇപ്പോൾ മുൻഗണനേതര (നീല കാർ‌ഡ്)​ വിഭാഗത്തിലുള്ള ഈ കുടുംബങ്ങളിൽ ഒരു കോടിയിൽപ്പരം അംഗങ്ങളുണ്ട് (കൃത്യമായി 1,01,​98,​771 പേർ)​. അർഹരായ എല്ലാവരെയും മുൻഗണനാ പട്ടികയിൽ ഉൾപ്പെടുത്തുമ്പോൾ സംസ്ഥാനത്തിന്റെ അരിവിഹിതം നിലവിലെ 14.25 ടണ്ണിൽ നിന്ന് 23.37 ലക്ഷം ടൺ ആയി ഉയരും.

ഒന്നാം യു.പി.എ സർക്കാർ ഭക്ഷ്യ സുരക്ഷാ പദ്ധതി നടപ്പാക്കിയപ്പോൾ ചില വ്യവസ്ഥകളുടെ പേരിലാണ് മുൻഗണനയ്‌ക്ക് അർഹതയുള്ളവർ പോലും പുറത്തായത്. അതോടെ അരിവിഹിതം 16.50 ലക്ഷം ടണ്ണിൽ നിന്ന് 14.25 ലക്ഷം ടൺ ആയി കുറയുകയായിരുന്നു. രണ്ട് പ്രളയവും കൊവിഡും ജനങ്ങളുടെ സാമ്പത്തിക ശേഷിയെ സാരമായി ബാധിച്ചതിനാൽ വ്യവസ്ഥകൾ ഇളവു ചെയ്‌ത് കൂടുതൽ പേരെ പട്ടികയിൽ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനം സർക്കാർ കേന്ദ്രത്തെ സമീപിച്ചിട്ടുണ്ട്.

മുൻഗണന

43% മാത്രം

 ഗ്രാമങ്ങളിൽ 75%,​ നഗരങ്ങളിൽ 50% പേരെ മുൻഗണനാ വിഭാഗത്തിൽ ഉൾപ്പെടുത്താം.

 മറ്റ് സംസ്ഥാനങ്ങളിൽ മുൻഗണനാ വിഭാഗം 65%- 85%

 കേരളത്തിൽ 24,​97,​520 കാർഡുകൾ കൂടി ഉൾപ്പെടുത്തിയാൽ മുൻഗണനാ വിഭാഗം 70.68 % ആകും.

 നിലവിൽ മുൻഗണനാ കാർ‌ഡുള്ള അനർഹരെ ഒഴിവാക്കിയാൽ ഇത് 65% ആയി നിജപ്പെടുത്താം.

 മൂന്നു വർഷത്തിലൊരിക്കൽ മുൻഗണനാ പട്ടിക പുനഃപരിശോധിക്കണമെന്ന വ്യവസ്ഥ പാലിച്ചിട്ടില്ല

വീടും കാറും തടസമായി

കേരളത്തിലെ ദാരിദ്ര്യം നിശ്ചയിച്ച മാനദണ്ഡങ്ങളാണ് അർഹതയുള്ള പലരെയും പുറത്താക്കിയത്. മുൻഗണനാ മാനദണ്ഡങ്ങളിൽ മിക്കതും ഉണ്ടായിട്ടും വീടിന്റെ വലിപ്പം 1000 സ്‌ക്വയർ ഫീറ്റ് ആയി, ഒരു കാ‍ർ (പഴയതായാലും)​ ഉണ്ട് തുടങ്ങിയ കാരണങ്ങാണ് തടസമായത്. ഇവരെയാണ് കഴിഞ്ഞ സർക്കാർ നീല കാർഡ്​ വിഭാഗത്തിൽപ്പെടുത്തിയത്.

മുൻഗണനാ കാർഡ് ഗുണഭോക്താക്കൾ

എ.എ.വൈ (മഞ്ഞ)​- 5,​94,​133 ...................... 22,​18,​349

പി.എച്ച്.എച്ച് (പിങ്ക്)​- 33,​11,​056 .................... 1,​31,​61,​954

ഒരു രാജ്യം ഒരു കാർഡ്

മുൻഗണനക്കാർക്ക് മാത്രം

മുൻഗണനാ വിഭാഗത്തിന് മാത്രമേ ഏത് സംസ്ഥാനത്തും റേഷൻ വാങ്ങാനാവൂ

കേരളത്തിൽ കഴിഞ്ഞ വർഷം പദ്ധതി നടപ്പാക്കി

കഴിഞ്ഞ മാസം ഇവിടെ റേഷൻ വാങ്ങിയ മറുനാടൻ തൊഴിലാളികൾ 344

ആകെ 35 ലക്ഷം മറുനാടൻ തൊഴിലാളികൾ

പശ്ചിമബംഗാളും അസാമും പദ്ധതി നടപ്പാക്കാത്തതിനാലാണ് അവർക്ക് ഇവിടെ റേഷൻ വാങ്ങാൻ പറ്റാത്തത്.

''അർഹതയുള്ള മുഴുവൻ പേർക്കും ഭക്ഷ്യ സുരക്ഷാനിയമത്തിന്റെ ആനൂകൂല്യം നേടിയെടുക്കാനാണ് ശ്രമം. ഇതിന്റെ കാരണങ്ങൾ കേന്ദ്രസർക്കാരിനെ ബോദ്ധ്യപ്പെടുത്തും''

- ജി.ആർ.അനിൽ,​ ഭക്ഷ്യമന്ത്രി