പാലോട്: പഞ്ചായത്ത് അധികൃതരും ആരോഗ്യ പ്രവർത്തകരും തമ്മിലുള്ള തർക്കം പനവൂർ പഞ്ചായത്തിൽ കൊവിഡ് രോഗവ്യാവനം കൂട്ടുന്നതായി പരാതി. ഓൺലൈൻ രജിസ്റ്റർ ചെയ്യാത്തവർക്ക് കൊവിഡ് വാക്സിൻ എടുക്കാൻ പഞ്ചായത്ത് പ്രസിഡന്റ് ആവശ്യപ്പെട്ടത് നിരസിച്ചതാണ് ആരോഗ്യ പ്രവർത്തകരും പഞ്ചായത്ത് പ്രസിഡന്റും തമ്മിലുള്ള തർക്കത്തിന് കാരണമായത്. തർക്കത്തിനൊടുവിൽ മെഡിക്കൽ ഓഫീസർ ഡോ. സ്വപ്നയെ ജില്ലാ അതിർത്തിയായ പാറശാലയിലേക്ക് സ്ഥലം മാറ്റുകയും ചെയ്തു.വ്യാഴാഴ്ച ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ജില്ലയിൽ രണ്ടാമത് നിൽക്കുന്ന പഞ്ചായത്താണ് പനവൂർ. 58 ശതമാനമാണ് പോസിറ്റിവിറ്റിനിരക്ക്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടിയതിനെ കുറിച്ചും വാർഡ്തല സമിതികൾ, ഹെൽപ് ഡെസ്ക് ഡി.സി.സികൾ തുടങ്ങിയവയുടെ പ്രവർത്തനങ്ങൾ കാര്യക്ഷമമായി നടക്കാത്തതിന്റെ കാരണത്തെ കുറിച്ച് അടിയന്തിര റിപ്പോർട്ട് നൽകാൻ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ പഞ്ചായത്ത് സെക്രട്ടറിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ രാഷ്ട്രീയവൽക്കരിച്ചതും, രാപ്പകലില്ലാതെ പണിയെടുക്കുന്ന ആരോഗ്യപ്രവർത്തകരുടെ മനോവീര്യം കെടുത്തുന്ന പഞ്ചായത്ത് പ്രസിഡന്റിന്റെ പ്രവർത്തികളുമാണ് രോഗവ്യാപനം കൂടാൻ കാരണമെന്ന് ഡി.സി.സി മെമ്പർ ലാൽ വെള്ളാഞ്ചിറ കുറ്റപ്പെടുത്തി. അടിയന്തിരമായി എല്ലാ രാഷ്ടീയ പാർട്ടികളെയും സംഘടനകളെയും ഉൾപ്പെടുത്തി ശക്തമായ പ്രതിരോധ പ്രവർത്തനം നടത്താൻ പഞ്ചായത്ത് അധികാരികൾ തയാറാവണമെന്നും ലാൽ വെള്ളാഞ്ചിറ ആവശ്യപ്പെട്ടു.