തിരുവനന്തപുരം: നഗരസഭയുടെ എഴുപത് ലക്ഷം രൂപ വിലയുള്ള രണ്ട് ഹിറ്റാച്ചികൾ എരുമക്കുഴിയിലെ ചവർ കൂനയ്ക്കടിയിലായ വിവാദത്തിൽ മേയർക്ക് മറുപടിയുമായി നെടുങ്കാട് വാർഡ് കൗൺസിലർ കരമന അജിത്. സ്പാനറുമെടുത്ത് കറങ്ങുന്നതിനിടയിൽ സ്വന്തം വാർഡും അവിടത്തെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളും ശ്രദ്ധിക്കണമെന്നായിരുന്നു ഹിറ്രാച്ചി കാര്യം ചൂണ്ടിക്കാട്ടിയ അജിത്തിനോട് മേയർ പറഞ്ഞത്. ജനങ്ങളുടെ നികുതിപ്പണം ചെലവഴിച്ച് വാങ്ങിയ പൊതുസ്വത്ത് നശിപ്പിച്ചു കളയുന്നതിനെക്കുറിച്ചാണ് താൻ പരാമർശിച്ചതെന്നും ഒരു ഹിറ്റാച്ചി നന്നാക്കാൻ എത്ര ദിവസം വേണമെന്നും അജിത് ചോദിച്ചു. ദിവസങ്ങൾ കൊണ്ട് നന്നാക്കിയെടുക്കണ്ട ഹിറ്റാച്ചികൾ മാസങ്ങളായി കേടായി കിടക്കുന്നു. ഇവ നന്നാക്കാൻ എന്ത് നടപടിയാണ് നഗരസഭ സ്വീകരിച്ചതെന്നും അജിത് ചോദിച്ചു.