തിരുവനന്തപുരം: കൊവിഡ് പ്രതിസന്ധി ഘട്ടത്തിൽ, ഭിന്നശേഷിക്കാരായ കുട്ടികളുള്ള കുടുംബങ്ങൾക്ക് സാമ്പത്തിക സഹായവുമായി നിംസ് മെഡിസിറ്റി. 'നിംസ് കൊവിഡ് റിലീഫ് പെൻഷൻ' എന്നു പേരിട്ട പദ്ധതിയനുസരിച്ച് പ്രതിസന്ധി കാലം തീരുന്നതുവരെ കുട്ടികളുടെ അമ്മമാർക്ക് പ്രതിമാസം നിശ്ചിത തുക ധനസഹായം നൽകും. പദ്ധതിക്കു തുടക്കം കുറിച്ച് നിംസ് മെഡിസിറ്റി മാനേജിംഗ് ഡയറക്ടർ എം.എസ്. ഫൈസൽ ഖാൻ, നെയ്യാറ്റിൻകര മുനിസിപ്പൽ ചെയർമാൻ രാജ്‌മോഹന് ആനുകൂല്യത്തിന്റെ ആദ്യഗഡു കൈമാറി.
നെയ്യാറ്റിൻകര മുനിസിപ്പാലിറ്റിയിലെയും അതിയന്നൂർ,കൊല്ലയിൽ, കോട്ടുകാൽ പഞ്ചായത്തുകളിലെയും, ബാലരാമപുരം ഡിവിഷനിലെയും 250-ഓളം ഭിന്നശേഷി കുട്ടികൾക്കാണ് ധനസഹായം ലഭിക്കുക. അതത് പഞ്ചായത്തുകളിലേക്കുള്ള ധനസഹായം പഞ്ചായത്ത് പ്രതിനിധികൾ ഏറ്റുവാങ്ങി. ചടങ്ങിൽ നെയ്യാറ്റിൻകര മുനിസിപ്പാലിറ്റി ഹെൽത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജോസ് ഫ്രാങ്ക്‌ളിൻ, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.കെ ഷിബു, ജില്ലാ പഞ്ചായത്ത് അംഗം കോട്ടുകാൽ വിനോദ്, കൗൺസിലർ സദത്ത് തുടങ്ങിയവർ പങ്കെടുത്തു.