തിരുവനന്തപുരം: ലോക്ക്ഡൗൺ നിയന്ത്രണങ്ങൾക്കിടയിലും ആറ്റുകാൽ ക്ഷേത്രപരിസരത്ത് സാമൂഹ്യവിരുദ്ധരുടെ അഴിഞ്ഞാട്ടം. ക്ഷേത്ര ദർശനത്തിനെത്തിയ ഭക്തനെ ആക്രമിച്ച് മാല പിടിച്ചുപറിക്കാൻ ശ്രിച്ച അഞ്ചംഗസംഘം നാല് ബൈക്കുകളും അടിച്ചുതകർത്തു. ഇന്നലെ വൈകിട്ട് ആറരയോടെയാണ് സംഭവം. മദ്യലഹരിയിൽ ക്ഷേത്രത്തിന്റെ പാർക്കിംഗ് യാർഡിലെത്തിയ സംഘം ദർശനത്തിനെത്തിയ മണക്കാട് സ്വദേശി മിഥുൻ പ്രസാദിനെ മർദ്ദിച്ച് സ്വർണമാല പിടിച്ചുപറിക്കാൻ ശ്രമിച്ചു. എന്നാൽ അക്രമികളെ വെട്ടിച്ച് മിഥുൻ കുതറിയോടിയതിൽ കോപാകുലരായ അക്രമികൾ ഇവിടെയുണ്ടായിരുന്ന നാല് ഇരുചക്രവാഹനങ്ങൾ അടിച്ചുതകർത്തു. കൈയിൽ കരുതിയിരുന്ന കമ്പിപ്പാര ഉപയോഗിച്ചാണ് ബൈക്കുകൾ തകർത്തത്. സംഭവമറിഞ്ഞ് എത്തിയ ക്ഷേത്ര സെക്യൂരിറ്റി ജീവനക്കാരെയും ഇവർ സംഘം ചേർന്ന് മർദ്ധിച്ചു. പിടിച്ചുമാറ്റാനെത്തിയ സമീപവാസികളെ ഇവർ കല്ലെടുത്തെറിഞ്ഞ് വിരട്ടിയോടിക്കുകയും ചെയ്തു. നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ ക്ഷേത്ര പരിസരത്ത് ആളുകൾ കുറവായതിനാൽ ഏറെനേരം ഇവിടെ ചെലവഴിച്ച ശേഷമാണ് സംഘം മടങ്ങിയത്. സമീപ പ്രദേശങ്ങളായ പുത്തൻകോട്ട, കട്ടയ്ക്കാൽ, മാടശ്ശേരി എന്നിവിടങ്ങളിലുള്ളവരാണ് അക്രമികളെന്ന് പരിസരവാസികൾ പറയുന്നു. പ്രതികൾ കഞ്ചാവ് ഉപയോഗിക്കുന്നവരും നിരവധി കേസുകളിൽ പ്രതികളാണെന്നും ആളൊഴിഞ്ഞ സ്ഥലത്ത് ചാരായം വാറ്റിക്കുടിച്ചശേഷമാണ് ഇവർ അക്രമം നടത്തിയതെന്നുമാണ് ലഭ്യമായ വിവരം. സംഭവമറിഞ്ഞ് ഫോർട്ട് എ.സിയുടെ നേതൃത്വത്തിൽ വൻ പൊലീസ് സംഘം സ്ഥലത്തെത്തി.