പെരുമ്പാവൂർ: 'ഗേറ്റ് വേ ടു മൺസൂൺ' എന്നാണ് കേരളം അറിയപ്പെടുന്നത്. ശക്തമായ ഇടവപ്പാതി മഴ കേരളത്തിൽ ഉടനീളം ഇത്തവണയും പെയ്യുന്നുണ്ട്. പക്ഷേ ആ കാഴ്ചകൾ ആസ്വദിക്കാൻ സഞ്ചാരികൾ ഇല്ല എന്ന് മാത്രം! കൊവിഡ് വ്യാപനത്തെ തുടർന്നുള്ള ലോക്ക്ഡൗൺ നിയന്ത്രണങ്ങളാണ് ഇത്തവണ വിനോദസഞ്ചാര മേഖലയ്ക്ക് തിരിച്ചടിയായത്. മികച്ച ടൂർ പാക്കേജുകളിലൂടെയാണ് മുൻ വർഷങ്ങളിൽ വിനോദ സഞ്ചാര വകുപ്പും കെ.ടി.ഡി.സിയും ജില്ല ടൂറിസം പ്രൊമോഷൻ കൗൺസിലുകളും സ്വദേശ വിദേശ സഞ്ചാരികളെ മഴ ആസ്വദിക്കാൻ കേരളത്തിലേക്ക് വരവേറ്റത്. എന്നാൽ 2018 ലെയും 2019 ലെയും പ്രളയവും 2020 ൽ തുടങ്ങിയ കൊവിഡ് മഹാമാരിയും വൻ തിരിച്ചടികൾ ആണ് മൺസൂൺ ടൂറിസത്തിന് നൽകിയത്. തുടർച്ചയായ നാല് വർഷങ്ങൾ ആണ് കേരള മൺസൂൺ ടൂറിസത്തിന് നഷ്ടമാകുന്നത്.
മഴക്കാഴ്ചകളും ചികിത്സയും
വിനോദസഞ്ചാര രംഗത്തെ ഓഫ് സീസൺ എന്ന പ്രതിഭാസത്തെ അതിജീവിക്കാൻ വേണ്ടി 2004-2005 കാലഘട്ടത്തിലാണ് കേരളത്തിലെ വിനോദസഞ്ചാര വകുപ്പ് 'മൺസൂൺ ടൂറിസം' എന്ന നൂതനമായ ആശയത്തിന് തുടക്കം കുറിച്ചത്. വേനൽ അവധി കഴിയുന്നതോടെ മഴ ആരംഭിക്കുന്നതിനാൽ തുടർന്നുള്ള നാല് മാസം കേരളത്തിലെ ടൂറിസത്തിന് മുമ്പ് ഓഫ് സീസൺ ആയിരുന്നു. സഞ്ചാരികളുടെ വരവും ഈ കാലയളവിൽ തീർത്തും കുറവായിരുന്നു. ഇതിനുള്ള പരിഹാരമായിട്ടാണ് മികച്ച മഴ ലഭിക്കുന്ന സ്ഥലങ്ങളെ ബന്ധപ്പെടുത്തി 'മൺസൂൺ ടൂറിസം' എന്ന പുതുമ നിറഞ്ഞ ആശയത്തിന തുടക്കമിട്ടത്.
മഴ കാഴ്ചകൾ ആസ്വദിക്കാൻ മലയോര മേഖലകളിലേക്കാണ് വിനോദ സഞ്ചാരികൾ കൂടുതലായി എത്തിയിരുന്നത്. വെള്ളച്ചാട്ടങ്ങൾ, തേയില തോട്ടങ്ങൾ, ദേശീയോദ്യാനങ്ങൾ, വന്യജീവി സങ്കേതങ്ങൾ, ഡാമുകൾ, വഞ്ചിവീട് യാത്ര, മഴ നടത്തം, മഡ് ഫുട്‌ബോൾ, റെയിൻ ഫോട്ടോഗ്രഫി ആൻഡ് വീഡിയോഗ്രഫി എന്നിവയാണ് മൺസൂൺ ടൂറിസത്തിലെ പ്രധാന കാഴ്ചകളും ആക്ടിവിറ്റികളും. ആഗോള പ്രശസ്തമായ കേരളത്തിന്റെ തനത്ആയുർവേദ ചികിത്സയും മൺസൂൺ ടൂറിസം പാക്കേജുകളിൽ ഉൾപ്പെടുത്തിയിരുന്നു.
ആതിരപ്പിള്ളി, വാഴച്ചാൽ, പെരിങ്ങൽക്കുത്ത്, മലക്കപ്പാറ, തുമ്പൂർമുഴി, ഏഴാറ്റുമുഖം, ചിമ്മിണി, തട്ടേക്കാട്, ഭൂതത്താൻകെട്ട്, മൂന്നാർ, മറയൂർ, തുഷാരഗിരി, കക്കയം, കുമരകം, തേക്കടി, ഗവി, വയനാട്, ബേക്കൽ എന്നിവയാണ് പ്രസ്തമായ ചില മൺസൂൺ വിനോദ സഞ്ചാര കേന്ദ്രങ്ങൾ. മികച്ച മഴയുടെ സാന്നിദ്ധ്യമാണ് ഈ കേന്ദ്രങ്ങളെ സഞ്ചാരികൾ തിരഞ്ഞെടുക്കാനുള്ള പ്രധാന കാരണം. സെപ്തംബർ വരെയാണ് മൺസൂൺ ടൂറിസം കാഴ്ചകൾ ആസ്വദിക്കാൻ സഞ്ചാരികൾ എത്തിയിരുന്നത്.
ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ മാറ്റി എത്രയും പെട്ടെന്ന് വിനോദ സഞ്ചാര കേന്ദ്രങ്ങൾ തുറന്ന് കൊവിഡ് പ്രോട്ടോകോൾ പാലിച്ചു സഞ്ചാരികളെ പ്രവേശിപ്പിക്കണം. മഴയുടെ വിസ്മയിപ്പിക്കുന്ന സൗന്ദര്യ കാഴ്ചകൾ ടൂറിസം രംഗത്തെ സേവനദാതാക്കൾ മികച്ച മൺസൂൺ ടൂറിസം പാക്കേജുകളിലൂടെ സഞ്ചാരികളിലേക്കെത്തിക്കണം.
കെ.ഐ എബിൻ
ടൂറിസം അദ്ധ്യാപകൻ,
പെരുമ്പാവൂർ