smasanam

നെയ്യാറ്റിൻകര: നെയ്യാറ്റിൻകരയിൽ ജനങ്ങളുടെ പ്രധാന ആവശ്യങ്ങളിൽ ഒന്നാണ് പൊതുശ്നശാനം വേണമെന്നത്. എന്നാൽ നാളിതുവരെ യാതോരു നടപടിയും സ്വീകരിക്കാൻ അധികൃതർക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. കൊവിഡ് പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ മരണങ്ങൾ പൊതുവെ കൂടുതലുമാണ്. ഈ സാഹചര്യത്തിൽ പൊതുശ്മശാനം ഇല്ലാത്തത് ജനങ്ങളെ ഏറെ ബുദ്ധിമുട്ടിക്കുകയാണ്.

പദ്ധതി അടിയന്തരമായി നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് റസിഡന്റ്സ് അസോസിയേഷനടക്കമുളള സംഘടനകളും നാട്ടുകാരും. നെയ്യാറ്റിൻകരയിൽ ഒരു പൊതുശ്മശാനമെന്ന നാട്ടുകാരുടെ ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്.

ജനങ്ങളുടെ ഈ ആവശ്യം നിറവേറ്റാൻ ഇതുവരെ ആർക്കും കഴിഞ്ഞിട്ടില്ല. കഴിഞ്ഞ കാൽ നൂറ്റാണ്ടായി മാറിവരുന്ന നഗരസഭ കൗൺസിലുകളിൽ സ്മശാനം വേണമെന്ന ആവശ്യമുയർന്നിരുന്നെങ്കിലും അത് യാഥാർത്ഥ്യമാക്കാനുള്ള നടപടികൾ ഇതുവരെ ആരും സ്വീകരിച്ചിട്ടില്ല. ഇത് പൊതുജനങ്ങൾക്കിടയിൽ പ്രതിശേധത്തിന് വകവയ്ക്കുന്നുണ്ട്.

 സ്വന്തമായി മണ്ണില്ലാതാകുമ്പോൾ

നഗരസഭാ പ്രദേശത്ത് ജനസാന്ദ്രതയേറിയതോടെയാണ് സ്വന്തമായി ഭൂമിയുളളവർക്കിടയിലും മൃതദേഹം സംസ്കരിക്കാൻ ബുദ്ധിമുട്ടി തുടങ്ങിയത്. അതോടെ ജനങ്ങൾക്കിടയിൽ പൊതുശ്മശാനമെന്ന ആവശ്യമുയർന്നത്. ചില സമുദായങ്ങൾക്ക് സ്വന്തമായി ശ്മശാനമുണ്ടെങ്കിലും മറ്റുളളവർ തിരുവനന്തപുരം ശാന്തികവാടത്തിലുമാണ് മൃതദേഹങ്ങൾ സംസ്കരിക്കാനായി കൊണ്ടുപോകുന്നത്. ഇത് സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരെ ഏറെ ബുദ്ധിമുട്ടിക്കുന്നുമുണ്ട്. നെയ്യാറ്റിൻകര നിന്നും തിരുവനന്തപുരത്ത് വരെയുളള വാഹനക്കൂലിയാണ് പ്രധാനമായിട്ടുളളത്. കൂടാതെ സംസ്കാരചെലവും. നെയ്യാറ്റിൻകരയിൽ പല സ്ഥലങ്ങളിലും വീടിന്റെ ഭാഗങ്ങൾ ഇടിച്ച് മൃതദേഹം അടക്കം ചെയ്ത സംഭവങ്ങളുമുണ്ടായിട്ടുണ്ട്.

നെയ്യാറ്റിൻകരയിൽ കൊവിഡ് ബാധിച്ച് മരിച്ച നിരവധി പേരുടെ മൃതദേഹങ്ങൾ മാറനല്ലൂരിലെയും പാറശാലയിലെയും ശ്മശാനങ്ങളിലാണ് സംസ്കരിച്ചത്.

 നഗരസഭയ്ക്ക് സ്വന്തമായി തൊഴുക്കൽ, ഗ്രാമം ജംഗ്ഷൻ, കോട്ടൂർ കോളനി എന്നിവിടങ്ങളിൽ ഭൂമിയുണ്ടെങ്കിലും പൊതുശ്മശാനമെന്ന പദ്ധതി മാത്രമില്ല

കഴിഞ്ഞ കൗൺസിൽ ഭരണകാലത്ത് കോട്ടൂർ കോളനിയിൽ ശ്മശാനത്തിന് തറക്കല്ലിടൽ തീയതി വരെ നിശ്ചയിച്ചെങ്കിലും ഉദ്ഘാടന ദിവസം അതും മാറ്റിവച്ചു.

 ഓരോ കൗൺസിലുകളും വിഷയത്തിൽ ഗൗരവപരമായ ഇടപെടൽ നടത്തുന്നുണ്ടെങ്കിലും ജനങ്ങളുടെ എതിർപ്പും സാങ്കേതിക വിഷയങ്ങളും പറഞ്ഞ് പദ്ധതി നിലയ്ക്കും

 സ്ഥലവും വാങ്ങി എന്നിട്ടും...

2005-2010 നഗരസഭാ കൗൺസിൽ കാലത്ത് സേവാസാധന എന്ന സംഘടന നെയ്യാറ്റിൻകരയിലെ പനങ്ങാട്ടുകരിയിൽ 33 സെന്റ് സ്ഥലം വാങ്ങി നഗരസഭയ്ക്ക് കൈമാറിയെങ്കിലും അവിടെയും പദ്ധതി നടപ്പിലാക്കാൻ നഗരസഭയ്ക്കായില്ല. നെയ്യാറ്റിൻകര നഗരസഭയുടെ അടുത്ത പഞ്ചായത്തുകളായ മാറനല്ലൂർ, പാറശാല എന്നിവിടങ്ങളിൽ ചുരുങ്ങിയ കാലത്തിനുളളിൽ പൊതുശ്മശാനം നി‌‌ർമ്മിക്കുകയും കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽപ്രവ‌‌ർത്തനം നടക്കുകയും ചെയ്യുന്നുണ്ട്. എന്നാൽ നെയ്യാറ്റിൻകര നഗരസഭയിൽ വർഷങ്ങളായുളള ആവശ്യം നടപ്പിലാക്കാൻ അധികൃതർക്ക് കഴിയാതെ പോകുന്നത്. കഴിഞ്ഞ 15 വ‌ർഷമായി നെയ്യാറ്റിൻകരയിലെ റസിഡന്റ്സ് അസോസിയേഷനുകളുടെ കേന്ദ്ര സംഘടനയായ ഫ്രാനിന്റെ നേതൃത്വത്തിൽ പൊതുശ്മശാനം യാഥാർത്ഥ്യമാക്കുന്നതിനായി പ്രക്ഷോഭം നടത്തിവരുന്നുണ്ട്.

പ്രതികരണം-

1) നഗരസഭാ പരിധിയിൽ അനുയോജ്യമായ സ്ഥലം കണ്ടെത്തി ശ്മശാനം സ്വീകരിക്കാൻ നടപടി കൈക്കൊളളും. നഗരസഭാ ചെയർമാൻ പി.കെ. രാജ്മോഹൻ

2) കൊവിഡ് കാലത്ത് ജനങ്ങളുടെ ബുദ്ധിമുട്ട് മനസ്സിലാക്കി പൊതുശ്മശാനം യാഥാർത്ഥ്യമാക്കുന്നതിന് അധികൃതർ അടിയന്തര നടപടി സ്വീകരിക്കണം. ഫ്രാൻ ജനറൽ സെക്രട്ടറി എസ്.കെ. ജയകുമാർ.