നെയ്യാറ്റിൻകര: അന്താരാഷ്ട്ര രക്തദാന ദിനാചരണത്തിൽ രക്തദാനത്തിലൂടെ ആദരവ് നേടിയ ബൈജു നെല്ലിമൂടിന് നാടിന്റെ സ്നേഹ സമർപ്പണം. 2006 മാർച്ച് 2ന് ബൈജു നെല്ലിമൂടിന്റെ സഹകരണത്തോടെയാണ് നെയ്യാറ്റിൻകര ട്രാൻസ്പോർട്ട് ഡിപ്പോയിലെ ജീവനക്കാർ ആദ്യ രക്തദാന ക്യാമ്പിനും രക്തദാനസേനയ്ക്കും തുടക്കം കുറിച്ചത്. കെ.എസ്.ആർ.ടി.സി നെയ്യാറ്റിൻകര രക്തദാന സേനയെയാണ് പുനർനാമകരണം നടത്തി ബൈജു നെല്ലിമൂട് രക്തദാനസേന എന്നാക്കിയത്. പുനർനാമകരണം കെ. ആൻസലൻ എം.എൽ.എ നിർവഹിച്ചു. ഇതിന്റെ ഭാഗമായി സന്നദ്ധ രക്തദാന ക്യാമ്പും സംഘടിപ്പിച്ചു. നെയ്യാറ്റിൻകര എ.ടി.ഒ മുഹമ്മദ് ബഷീർ ആദ്യ രക്തദാനം നടത്തി. രക്തദാതാക്കൾക്കുള്ള ഡോണർ സർട്ടിഫിക്കറ്റുകളും എം.എൽ.എ വിതരണം ചെയ്തു. കൊവിഡ് ബാധിച്ച് ബൈജു നെല്ലിമൂട് ചികിത്സയിൽ കഴിഞ്ഞ നിംസ് മെഡിസിറ്റിയിലെ രക്ത ബാങ്കിലേക്കാണ് സേനാംഗങ്ങൾ രക്തം ദാനം ചെയ്തത്. നിംസിലെ രക്തബാങ്കും ഇനി ബൈജു നെല്ലിമൂടിന്റെ പേരിൽ അറിയപ്പെടും. പുനർനാമകരണ ചടങ്ങിൽ നിംസ് എം.ഡി ഫൈസൽഖാൻ, എ.ടി.ഒ മുഹമ്മദ് ബഷീർ, ഡോ. വിനുകുമാർ, രക്തദാനസേന കോഓർഡിനേറ്റർ എൻ.കെ. രഞ്ജിത്ത്, ടി.ഐ. സതീഷ് കുമാർ, ജി. ജിജോ, എൻ.എസ്. വിനോദ് തുടങ്ങിയവർ പങ്കെടുത്തു. നെയ്യാറ്റിൻകരയുടെ ചുവട് പിടിച്ച് വിവിധ ഡിപ്പോകളിൽ ഇപ്പോൾ രക്തദാതാക്കളുടെ കൂട്ടായ്മ ആരംഭിച്ചിട്ടുണ്ട്. ഇത്തരം പ്രവർത്തനങ്ങളുടെ സംസ്ഥാന തലത്തിലെ ഏകോപനത്തിനായി കെ.എസ്.ആർ.ടി.സി മാനേജ്മെന്റും പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്.
കെ.എസ്.ആർ.ടി.സി നെയ്യാറ്റിൻകര രക്തദാനസേനയുടെ പുനർനാമകരണം കെ. ആൻസലൻ എം.എൽ.എ നിർവഹിക്കുന്നു