തിരുവനന്തപുരം: അനശ്വര നടൻ സത്യന്റെ തലസ്ഥാനത്തെ സ്‌മാരകത്തിന് മൂന്നരപ്പതിറ്റാണ്ട്. സാംസ്‌കാരിക സംഘടനയായ കേരള കൾച്ചറൽ ഫോറത്തിന്റെ നേതൃത്വത്തിൽ മ്യൂസിയത്തിന് എതിർവശത്താണ് സ്‌മാരകം പ്രവർത്തിക്കുന്നത്.
1978ലാണ് ഫോറം രൂപീകരിച്ചത്. 1986 മാർച്ച് 16ന് മുഖ്യമന്ത്രിയായിരുന്ന കെ. കരുണാകരൻ സ്‌മാരകം ഉദ്ഘാടനം ചെയ്തു. ഡി. യേശുദാസായിരുന്നു സ്ഥാപക ജനറൽ സെക്രട്ടറി. സ്‌മാരകത്തിന്റെ രണ്ടാംഘട്ട വികസനത്തിന്റെ ഭാഗമായി സത്യൻ മെമ്മോറിയൽ ഹാൾ 2001നവംബർ 8ന് ഉദ്ഘാടനം ചെയ്‌തു. സത്യന്റെ സിനിമകളിലെ ഫോട്ടോകൾ ഉൾപ്പെടുത്തി സത്യൻ ആർട്ട് ഗ്യാലറിയും തുടങ്ങി. ആധുനിക ഫോട്ടോ ഗാലറിയുടെ പ്രാരംഭഘട്ടവും പൂർത്തിയായി. ചലച്ചിത്രപ്രതിഭകൾക്ക് സത്യൻ സ്‌മാരക അവാർഡും കലാസംസ്‌കാരിക രംഗങ്ങളിലെ പ്രതിഭകൾക്ക് സത്യൻ കലാ പുരസ്‌കാരവും നൽകുന്നു. എല്ലാവർഷവും സത്യൻ ചലച്ചിത്രോത്സവവും പ്രതിമാസ സാഹിത്യ പരിപാടിയും സംഘടിപ്പിക്കുന്നുണ്ട്.
സിനിമയിലും നാടകത്തിലും നവാഗതർക്ക് അവസരമൊരുക്കാൻ നാടകാചാര്യൻ പി.കെ. വേണുക്കുട്ടൻനായരെ ഡയറക്ടറാക്കി സത്യൻ സ്‌കൂൾ ഒഫ് ആക്ടിംഗുമുണ്ടായിരുന്നു. വിദ്യാർത്ഥികൾക്കായി കലാമത്സരങ്ങൾ, ഉപന്യാസ മത്സരം എന്നിവയും വേനലവധിക്കാലത്ത് വിവിധ മേഖലയിൽ അവധിക്കാല ക്ലാസും സംഘടിപ്പിക്കുന്നു. അവശ കലാകാരന്മാർക്ക് പെൻഷൻ, കോളേജ് വിദ്യാർത്ഥികൾക്ക് ക്യാപ്ടൻ ജെറി പ്രേംരാജിന്റെ പേരിലുള്ള എൻഡോവ്‌മെന്റ്, അനാഥാലയങ്ങൾക്ക് സഹായം എന്നിവയും നൽകുന്നുണ്ട്. കൊവിഡ് കാരണം ഓൺലൈനായി നടക്കുന്ന സത്യൻ അനുസ്‌മരണം മന്ത്രി ജി.ആർ. അനിൽ ഉദ്ഘാടനം ചെയ്യും. അടൂർ ഗോപാലകൃഷ്‌ണൻ മുഖ്യപ്രഭാഷണം നടത്തും.
' മികച്ച നടനുള്ള സംസ്ഥാന സർക്കാർ അവാർഡ്
സത്യന്റെ നാമധേയത്തിൽ നൽകണം '
ഷാജി വിത്സൻ, ഫോറം പ്രസിഡന്റ്