പാലോട്: ഉത്സവരാവുകൾക്ക് കലയുടെ വെള്ളിവെളിച്ചം സമ്മാനിക്കുന്ന ഒരു പറ്റം കലാകാരന്മാരുടെ ജീവിതം ദുരിതത്തിലാണ്. കൊവിഡ് കാരണം കഴിഞ്ഞ രണ്ടുവർഷവും കലാകാരന്മാർ കഷ്ടത്തിലാണ്. ചിലർ പച്ചക്കറി കടകൾ തുടങ്ങി ചിലർ ലോട്ടറി കച്ചവടം തുടങ്ങി ഇങ്ങനെ മറ്റ് സംരംഭങ്ങൾ തുടങ്ങി കല ഉപേക്ഷിക്കേണ്ടി വന്നവർ ഏറെയാണ്. എന്നാൽ കൊവിഡ് നിയന്ത്രണങ്ങൾ വന്നതോടെ അവയും അടച്ചുപൂട്ടി. ഇവരുടെ കുടുംബങ്ങളും പട്ടിണിയിലാണ്. നന്ദിയോട് എന്ന കൊച്ചുഗ്രാമത്തിൽ പതിനഞ്ചോളം പ്രൊഫഷണൽ നൃത്തനാടക സമിതികൾ കൂടാതെ ചെറിയ ഡാൻസ് സംഘങ്ങളും പ്രവർത്തിക്കുന്നുണ്ട്. തെക്കേ അറ്റത്തു നിന്നും വടക്കു വരെയുള്ള ഉത്സവരാവുകൾക്ക് ചാരുത പകരുന്നത് ഈ സംഘങ്ങളാണ്. ഒരു സമിതിയിൽ കുറഞ്ഞത് 24 പേരെങ്കിലും ഉണ്ടാകും. ഒരു ഉത്സവ സീസണിൽ ഇവർക്ക് ലഭിക്കുന്ന പ്രതിഫലം ഉപയോഗിച്ച് കിടപ്പാടം പണിതവരും മക്കളുടെ വിവാഹം നടത്തിയവരും രോഗം ബാധിച്ച കുടുംബാംഗങ്ങൾക്ക് താങ്ങായവരും ഉണ്ട്. രണ്ടു സീസണുകളിലായി വലിയ നഷ്ടമാണ് കലാകാരന്മാർക്ക് ഉണ്ടായത്. വിവിധ വേഷങ്ങളുമായി അരങ്ങു തകർക്കുമ്പോഴും കിട്ടുന്ന പ്രതിഫലം എത്രയും വേഗം വീട്ടിലെത്തിച്ച് അന്നന്നത്തെ കാര്യങ്ങൾ നടത്താൻ പാടുപെടുന്നവരാണ് അധികവും. പ്രതീക്ഷകൾ മുഴുവൻ ഉത്സവകാലത്തിൽ അർപ്പിച്ച് ജീവിക്കുന്ന ഇവർക്ക് സർക്കാരിൽ നിന്ന് യാതൊരു ആനുകൂല്യങ്ങളും ലഭിക്കുന്നില്ല എന്നതാണ് സത്യം. കലാകാരന്മാർക്ക് കൊവിഡ് കാലത്ത് ആയിരം രൂപ ധനസഹായം പ്രഖ്യാപിച്ചുവെങ്കിലും മിക്ക കലാകാരന്മാർക്കും ഇത് ലഭിച്ചിട്ടില്ല. ആനുകൂല്യങ്ങൾ ലഭ്യമാക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നാണ് ഇവരുടെ ആവശ്യം.