തിരുവനന്തപുരം:ജില്ലയിൽ കൊവിഡ് വ്യാപനം രൂക്ഷമായ പത്ത് പഞ്ചായത്തുകളെക്കൂടി ക്രിട്ടിക്കൽ കണ്ടെയ്ൻമെന്റ് സോണുകളാക്കിയതായി കളക്ടർ ഡോ. നവ്‌ജ്യോത് ഖോസ. ഇവിടങ്ങളിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 25 ശതമാനത്തിനു മുകളിലാണ്. ഈ പ്രദേശങ്ങളിൽ കർശന ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതായും കളക്ടർ അറിയിച്ചു. അതിയന്നൂർ,ചെറുന്നിയൂർ,കടയ്ക്കാവൂർ,മണമ്പൂർ,പനവൂർ,പെരുങ്കടവിള,പോത്തൻകോട്,വാമനപുരം,വെള്ളറട,വിളപ്പിൽ പഞ്ചായത്തുകളെയാണ് ക്രിട്ടിക്കൽ കണ്ടെയ്ൻമെന്റ് സോണുകളായി പ്രഖ്യാപിച്ചത്. അഴൂർ, ഇടവ, കഠിനംകുളം, കല്ലിയൂർ, കാരോട്, കിഴുവിലം, ഒറ്റശേഖരമംഗലം, വെങ്ങാനൂർ, വെട്ടൂർ, അഞ്ചുതെങ്ങ്, ബാലരാമപുരം, കുളത്തൂർ, പൂവാർ, ചെമ്മരുതി, ഒറ്റൂർ, ആര്യങ്കോട്, കാഞ്ഞിരംകുളം, പള്ളിച്ചൽ, കൊല്ലയിൽ, ചെങ്കൽ പഞ്ചായത്തുകൾ നേരത്തേ ക്രിട്ടിക്കൽ കണ്ടെയ്ൻമെന്റ് സോണുകളാണ്. പലചരക്ക്, പച്ചക്കറി, പഴവർഗങ്ങൾ, പാൽ, മുട്ട, മാസം, മത്സ്യം, മൃഗങ്ങൾക്കും കന്നുകാലികൾക്കുമുള്ള ഭക്ഷണം വിൽക്കുന്ന കടകൾ, ബേക്കറികൾ തുടങ്ങിയ അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ 7.30 വരെ തുറക്കാം. പാൽ, പത്ര വിതരണം രാവിലെ എട്ടിനു മുൻപു പൂർത്തിയാക്കണം.റേഷൻകടകൾ, മാവേലി സ്റ്റോറുകൾ സപ്ലൈകോ സ്‌റ്റോറുകൾ തുടങ്ങിയവ ദിവസവും വൈകിട്ട് അഞ്ചു വരെ തുറക്കാം.റസ്റ്റോറന്റുകൾ രാവിലെ ഏഴു മുതൽ വൈകിട്ട് 7.30 വരെ ഹോം ഡെലിവറിക്കു മാത്രമായി തുറക്കാം. മുകളിൽപ്പറഞ്ഞവയല്ലാത്ത എല്ലാ സ്ഥാപനങ്ങളും അടച്ചിടും. ഇ കൊമേഴ്സ് സ്ഥാപനങ്ങൾ രാവിലെ ഏഴു മുതൽ രണ്ടു വരെ ഡെലിവറിക്കായി പ്രവർത്തിക്കാം.

ആനാട്,അരുവിക്കര, കോട്ടുകാൽ, നഗരൂർ, വിളവൂർക്കൽ, കരുംകുളം, ഉഴമലയ്ക്കൽ, മലയിൻകീഴ്, മടവൂർ പഞ്ചായത്തുകളെ ക്രിട്ടിക്കൽ കണ്ടെയ്ൻമെന്റ് സോൺ പട്ടികയിൽനിന്ന് ഒഴിവാക്കി. ഇവ ഇനി കണ്ടെയ്ൻമെന്റ് സോണുകളായിരിക്കും. ഇവയ്ക്കു പുറമേ ചെറുന്നിയൂർ പഞ്ചായത്ത് മൂന്നാം വാർഡ്, വിളപ്പിൽ പഞ്ചായത്ത് 20ാം വാർഡ്, കടയ്ക്കാവൂർ പഞ്ചായത്തിൽ ഒന്ന്, ഒമ്പത്, 10, 11 വാർഡുകൾ, പള്ളിക്കൽ പഞ്ചായത്ത് ഒന്നാം വാർഡ്, അഞ്ചുതെങ്ങ് പഞ്ചായത്ത് ഒന്നാം വാർഡ് എന്നിവിടങ്ങളും കണ്ടെയ്ൻമെന്റ് സോണുകളായി പ്രഖ്യാപിച്ചു. നെല്ലനാട് പഞ്ചായത്തിൽ അഞ്ചാം വാർഡിൽ വെഞ്ഞാറമ്മൂട് ബിൽടെക് അസോസിയേറ്റഡ് ഗോകുലം മെഡിക്കൽ കോളേജ് പ്രദേശം മൈക്രോ കണ്ടെയ്ൻമെന്റ് സോണായും പ്രഖ്യാപിച്ചതായി കളക്ടർ അറിയിച്ചു.