1

പോത്തൻകോട്: പഞ്ചായത്ത് പരിധിയിലെ എല്ലാ സർക്കാർ ഓഫീസുകളും ഒരു കുടക്കീഴിലാക്കുക എന്ന ഉദ്ദേശ്യത്തോടെ പോത്തൻകോട് ജംഗ്‌ഷനിൽ നിർമ്മിച്ച മിനി സിവിൽ സ്റ്റേഷൻ രണ്ടുമാസത്തിനുള്ളിൽ പ്രവർത്തനസജ്ജമാക്കുമെന്ന് മന്ത്രി ജി.ആർ. അനിൽ പറഞ്ഞു. പ്രവർത്തന പുരോഗതി വിലയിരുത്താനെത്തിയ മന്ത്രി പൊതുമരാമത്ത് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി.

നാല് നിലകളിലായുള്ള കെട്ടിട സമുച്ചയത്തിന് 2019 ജൂണിൽ അന്നത്തെ പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരനാണ് തറക്കല്ലിട്ടത്. 10 പ്രധാന സർക്കാർ ഓഫീസുകളാണ് ആദ്യഘട്ടത്തിൽ പ്രവർത്തിക്കുക. പൊതുമരാമത്ത് വകുപ്പിലെ ആർക്കിടെക്ചർ വിഭാഗം രൂപകല്പന ചെയ്ത 36,600 ചതുരശ്ര അടിയുള്ള കെട്ടിട സമുച്ചയത്തിന് 10 കോടി രൂപയാണ് ചെലവ്.

പോത്തൻകോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.ആർ. അനിൽ, വൈസ് പ്രസിഡന്റ് അനിതകുമാരി, ബ്ലോക്ക് പഞ്ചായത്ത് അംഗം ആർ. അനിൽകുമാർ തുടങ്ങിയവരും മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു. പൊതുമരാമത്ത് വകുപ്പ് സൂപ്രണ്ടിംഗ് എൻജിനീയർ ലൈജു, എക്സിക്യൂട്ടിവ് എൻജിനീയർ ബിജു.കെ.ആർ, അസിസ്റ്റന്റ് എൻജിനീയർ ദീപിക, മരാമത്ത് വകുപ്പിലെ ഇലക്ട്രിക്കൽ വിഭാഗം എക്സിക്യൂട്ടിവ് എൻജിനീയർ സിസിൽ വർഗീസ്, അസിസ്റ്റന്റ് എക്സിക്യൂട്ടിവ് എൻജിനീയർ ദിനേശ് തുടങ്ങിയ ഉദ്യോഗസ്ഥരും പങ്കെടുത്തു.