കോവളം: കഴിഞ്ഞ ദിവസം രാത്രിയോടെയുണ്ടായ അതിശക്തമായ തിരയടിയിൽ ഇടക്കല്ലിലും സീറോക്ക് ബീച്ചിലും വൻ നാശനഷ്ടം. ബീച്ചിലെ പ്രധാന നടപ്പാതയും സുരക്ഷാ ഭിത്തിയും തകർന്നു. നടപ്പാതയോട് ചേർന്നുണ്ടായിരുന്ന തെങ്ങുകളും കടലെടുത്തു.
സ്വകാര്യ ഹോട്ടലുടമയുടെ നിയന്ത്രണത്തിലുള്ള പാർക്കിംഗ് ഏരിയയുടെ 50 മീറ്ററോളം ഭാഗത്തുണ്ടായിരുന്ന കോൺക്രീറ്റിൽ തീർത്ത കരിങ്കൽ ഭിത്തികളും ഇന്നലെ പുലർച്ചയോടെ തകർന്നു. വൈദ്യുത തൂണുകൾ, വിവിധ കേബിളുകൾ എന്നിവയും നശിച്ചിട്ടുണ്ട്. ജെ.സി.ബി ഉപയോഗിച്ച് കൂടുതൽ കല്ലുകൾ ഇടാൻ ശ്രമിച്ചെങ്കിലും അതും കടലിൽ ഒഴുകിപ്പോകുകയായിരുന്നു.
ലോക്ക് ഡൗൺ നിയന്ത്രണങ്ങളെ തുടർന്ന് സഞ്ചാരികൾ ഇല്ലാത്തതിനാൽ വൻ അപകടം ഒഴിവായി. നടപ്പാത തകർന്നതോടെ തീരത്തെ രണ്ട് ഇലക്ട്രിക് പോസ്റ്റുകളും ഒരു ഹൈമാസ്റ്റ് ലൈറ്റിന്റെ പോസ്റ്റും അപകടാവസ്ഥയിലാണ്. കെ.എസ്.ഇ.ബി ഉദ്യോഗസ്ഥർ, ടൂറിസം ഓഫീസർ, കോവളം പൊലീസ് എന്നിവർ സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി.
അപകട ഭീഷണിയെത്തുടർന്ന് ബീച്ചിലെ വൈദ്യുതിബന്ധം താത്കാലികമായി വിച്ഛേദിച്ചിട്ടുണ്ട്. രണ്ടാഴ്ച മുമ്പ് ഗ്രോവ് ബീച്ചിലും കടൽക്ഷോഭത്തിൽ നാശമുണ്ടായിരുന്നു. ലൈറ്റ് ഹൗസ് ബീച്ച് മുതൽ സീറോക്ക് ബീച്ച് വരെയുള്ള ഹോട്ടൽ, റസ്‌റ്റോറന്റ് അടക്കമുള്ള സ്ഥാപനങ്ങളും അപകട ഭീഷണിയിലാണെന്ന് ടൂറിസം പ്രൊട്ടക്ഷൻ ആൻഡ് ഡെവലപ്മെന്റ് കൗൺസിൽ ഭാരവാഹികൾ പറഞ്ഞു.