നാഗർകോവിൽ: തമിഴ്നാട്ടിൽ കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി അടച്ചുപൂട്ടിയ മദ്യശാലകൾ ഇന്നലെ മുതൽ പ്രവർത്തനമാരംഭിച്ചു. രാവിലെ 10 മുതൽ വൈകിട്ട് അഞ്ച് വരെയാണ് പ്രവർത്തന സമയം. കേരളത്തിൽ നിന്ന് മദ്യം വാങ്ങാൻ ആളുകൾ എത്തുമെന്നതിനാൽ അതിർത്തിപ്രദേശമായ കന്യാകുമാരി ജില്ലയിലെ കൊല്ലങ്കോട്, ഊരമ്പ്, കളിയിക്കാവിള, കന്നുമ്മാമൂട് എന്നിവിടങ്ങളിലെ മദ്യശാലകൾ തുറന്നിട്ടില്ല. ബിവറേജസ് തുറന്ന സ്ഥലങ്ങളിൽ നിയന്ത്രണങ്ങൾ പാലിച്ചാണ് മദ്യവില്പന നടന്നത്. തിരക്ക് നിയന്ത്രിക്കാൻ പൊലീസും ഉണ്ടായിരുന്നു. ഒരാൾക്ക് വാങ്ങാനാവുക ഒരു ഫുൾ ബോട്ടിൽ മദ്യം മാത്രമാണ്.
അതിർത്തി കടന്ന മദ്യവില്പന
കേരളത്തിൽ മദ്യഷോപ്പുകൾ തുറക്കാത്ത സാഹചര്യത്തിൽ തമിഴ്‌നാട്ടിൽ നിന്ന് മദ്യം വാങ്ങുന്ന പ്രവണത കേരളത്തിലെ ജനങ്ങൾ കാണിക്കാറുണ്ട്. കേരളത്തിലേക്ക് വില്പനയ്ക്കായി മദ്യം കടത്താൻ ശ്രമിച്ച നിരവധിപേരെ എക്സൈസും പൊലീസും അതിർത്തിയിൽ പിടികൂടിയിരുന്നു. മലയാളികൾ എത്തുമ്പോൾ തമിഴ്നാട്ടിൽ മദ്യത്തിന്റെ വിലയ്ക്കും മാറ്റമുണ്ടാകും എന്നാണ് പറയപ്പെടുന്നത്.180 എം.എല്ലിന്റെ മദ്യത്തിന് സാധാരണ 140 രൂപയാണ് ഈടാക്കുന്നത് എന്നാൽ മലയാളികൾക്ക് ഇത് 150 രൂപയ്ക്കാണ് വില്ക്കുക.