tree

തിരുവനന്തപുരം: ഭൂപതിവ് ചട്ടങ്ങൾ പ്രകാരം പട്ടയം ലഭിച്ച ഭൂമിയിലെ ചന്ദനമൊഴികെയുള്ള മരങ്ങൾ മുറിക്കാൻ അനുവാദം നൽകുന്ന 2020 ഒക്ടോബർ 24ലെ ഉത്തരവിന് മുമ്പ് വനം, റവന്യൂ മന്ത്രിമാർ നിരവധി തവണ കൂടിക്കാഴ്ച നടത്തി. രാഷ്ട്രീയ നേതൃത്വത്തിന്റെ ഇടപെടലോടെയാണ് ഉത്തരവിറങ്ങിയത് എന്നതിന്റെ സൂചനയാണിത്. 2019 ജൂലായ് 18, സെപ്തംബർ 3, ഡിസംബ‌ 5 തീയതികളിൽ അന്നത്തെ റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരനും വനം മന്ത്രി കെ.രാജുവും ഇരുവകുപ്പുകളിലെയും ഉയർന്ന ഉദ്യോഗസ്ഥരും പങ്കെടുത്ത യോഗങ്ങൾ നടന്നു.

ഇതേ കാര്യത്തിനായി 2017 ആഗസ്ത് 17ന് ചട്ടഭേദഗതി ഉത്തരവിറങ്ങിയതും മന്ത്രിമാരുടെ കൂടിയാലോചനയെ തുടർന്നാണ്. 2017 മാ‌ർച്ച് 27ന് മുഖ്യമന്ത്രി പിണറായി വിജയന്റെയും റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരന്റെയും സാന്നിദ്ധ്യത്തിൽ നടന്ന യോഗത്തിന് ശേഷമാണ് ചട്ടഭേദഗതി കൊണ്ടുവന്നതും. ഇതിൽ ആശയക്കുഴപ്പം നിലനിന്നതിനാലാണ് 2020ൽ പുതിയ ഉത്തരവിറക്കിയത്. പാവപ്പെട്ട കർഷകർ വച്ചുപിടിപ്പിച്ച മരങ്ങൾ മുറിക്കുന്നതിനുള്ള തടസ്സം നീക്കണമെന്ന്കക്ഷിഭേദമെന്യേ എം.എൽ.എമാരും നേതാക്കളും ആവശ്യപ്പെട്ടതിനാലാണ് ചട്ടഭേദഗതി വരുത്തിയതെന്നാണ് വിശദീകരണം.

പട്ടയഭൂമിയിൽ നട്ടു പിടിപ്പിച്ച മരങ്ങളുടെ അവകാശം പട്ടയ ഉടമകൾക്ക് നൽകണമെന്ന് യോഗത്തിൽ കെ.രാജു വാദിച്ചു. 1964 ലെ ഭൂപതിവ് നിയമത്തിന് കീഴിലുള്ള വിവിധ ചട്ടങ്ങൾ പ്രകാരം പട്ടയം നൽകിയതിനു ശേഷം ഭൂമിയിൽ കിളിർത്ത മരങ്ങളുടെ അവകാശം നൽകുന്നതിന് വനംവകുപ്പിന് അനുകൂലമാണെന്ന് അദ്ദേഹം നിയമസഭയിലും വ്യക്തമാക്കിയിരുന്നു. വനം സെക്രട്ടറി ഡോ.വി.വേണുവും യോഗത്തിൽ പങ്കെടുത്തെങ്കിലും വനംവകുപ്പിന്റെ വിയോജിപ്പ് അറിയിച്ചില്ല. പിന്നീട് റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറിയായ ഡോ.വി.വേണു, പട്ടയഭൂമിയിൽ നട്ടുവളർത്തിയ ചന്ദനം ഒഴികെയുള്ള മരങ്ങൾ മുറിക്കുന്നതിന് അനുമതി നൽകി 2020 മാർച്ച് 11ന് കളക്ടർമാർക്ക് സർക്കുലറയച്ചു.

9 മരങ്ങൾ ഒഴികെ

മുറിക്കാം

1986ലെ പ്രിസർവേഷൻ ഒഫ് ട്രീസ് ആക്ട് നാലാം വകുപ്പ് ആറാം ഉപവകുപ്പ് പ്രകാരം ഏതൊരു ഭൂമിയുടെ ഉടമസ്ഥനും അധികാരപ്പെട്ട ഉദ്യോഗസ്ഥന്റെ അനുമതി വാങ്ങാതെ തന്നെ പ്രത്യേകമായി പറഞ്ഞവയൊഴികെയുള്ള മരങ്ങൾ മുറിക്കാം. ചന്ദനം, തേക്ക് , റോസ് വുഡ്, ഇരുൾ, തേന്മാവ്, ചെമ്പകം,കമ്പകം, പടച്ചി, ചീനി എന്നീ മരങ്ങൾ മുറിക്കുന്നതിനാണ് തടസ്സം.