തിരുവനന്തപുരം: ലോക രക്തദാന ദിനത്തോടനുബന്ധിച്ചു റൂറൽ പൊലീസ് ജില്ലയിലെ സ്റ്റുഡന്റ് പൊലീസ് കേഡറ്റ് പദ്ധതിയുടെയും എസ്.പി.സി ഡയറക്ടറേറ്റിന്റെയും സംയുക്ത നേതൃത്വത്തിൽ സന്നദ്ധ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ശ്രീചിത്തിര ഇൻസ്റ്റിറ്റ്യൂട്ട്, ആർ.സി.സി എന്നിവിടങ്ങളിലെ രക്ത ബാങ്കുകളുമായി സഹകരിച്ച് നൂറോളം പേരാണ് രക്തം ദാനം ചെയ്‌തത്. എസ്.പി.സി ഡയറക്ടറേറ്റിലെ പൊലീസ് ഉദ്യോഗസ്ഥർ, സ്റ്റുഡന്റ് പൊലീസ് കേഡറ്റ് പദ്ധതിയുടെ തിരുവനന്തപുരം റൂറൽ ജില്ലയിലെ കമ്മ്യൂണിറ്റി പൊലീസ് ഓഫീസർമാർ, ഡ്രിൽ ഇൻസ്ട്രക്ടർമാർ, പയനിയർ കേഡറ്റുകൾ, രക്ഷിതാക്കൾ, അദ്ധ്യാപകർ എന്നിവരാണ് ക്യാമ്പിൽ പങ്കെടുത്തത്. സംസ്ഥാനതലത്തിൽ ജീവധാര എന്ന പേരിൽ എസ്.പി.സിയുടെ നേതൃത്വത്തിൽ നടന്നുവരുന്ന രക്തദാന പ്രവർത്തനങ്ങളുടെ ഭാഗമായാണ് ക്യാമ്പ് നടത്തിയത്.
എക്‌സൈസ് വിജിലൻസ് സൂപ്രണ്ട് മുഹമ്മദ് ഷാഫി ഉദ്ഘാടനം ചെയ്തു. അസി. സ്റ്റേറ്റ് നോഡൽ ഓഫീസർ ജി. പ്രതാപൻ നായർ, അസി. ജില്ലാ നോഡൽ ഓഫീസർ ടി.എസ്. അനിൽകുമാർ എന്നിവർ നേതൃത്വം നൽകി. ദാതാക്കളിൽ നിന്ന് രക്തദാന സമ്മതപത്രം സ്വീകരിച്ചുകൊണ്ട് ബ്ലഡ് ഡോണേഴ്സ് ഫോറവും സജ്ജീകരിച്ചു.