east-fort

തിരുവനന്തപുരം: ഒരു പിടി അന്നത്തിന് വേണ്ടിയുള്ള വെപ്രാളത്തിലും അത് നഷ്ടപ്പെടുമോ എന്ന ഉത്കണ്ഠയിലാണിവർ. ലോക്ക്ഡൗൺ നിലവിൽ വന്നതുമുതൽ കിഴക്കേകോട്ടയിൽ ഉച്ച നേരങ്ങളിൽ ആവർത്തിക്കപ്പെടുന്ന കാഴ്ചയാണിത്.

രാവിലെ 11 ആകുമ്പോൾ തന്നെ ഒട്ടിയ വയറുമായി ഒരുകൂട്ടം മനുഷ്യർ ബസ് കാത്തിരിപ്പ് കേന്ദ്രത്തിലെത്തും. പരസ്പരം പ്രാരാബ്ധം പറഞ്ഞിരിക്കും. ഉച്ചയാകുമ്പോഴേക്കും അവരുടെ പ്രാർത്ഥനപോലെ ഏതെങ്കിലും സന്നദ്ധസംഘടനകൾ ചോറുപൊതികളുമായി എത്തും. പിന്നെ അതുവാങ്ങാനുള്ള തത്രപ്പാടാണ്. ചിലർ അവിടെവച്ചു കഴിക്കും, മറ്റുചിലർ അതുമായി മടങ്ങും. വീട്ടിൽ ആ പൊതിച്ചോറിന് പങ്കുപറ്റാൻ വേറെയും ആളുകളുണ്ട്.

കാമറയ്ക്കു മുന്നിൽ വരാൻ പലർക്കും മടിയാണ്. നിവർത്തികേടുകൊണ്ടാണ് ഇങ്ങനെ ക്യൂവിൽ വന്നു നിൽക്കുന്നതെന്ന് അവരുടെ മുഖം വിളിച്ചുപറയുന്നുണ്ട്. നഗരത്തിലെ പലഭാഗങ്ങളിലായി തട്ടുകട നടത്തിയിരുന്നവരും കടകളിൽ ജോലിക്കു നിന്നവരുമൊക്കെയാണ് ഇതിൽ ഭൂരിഭാഗവും. പലർക്കും സ്വന്തമായി വീടോ റേഷൻ കാർഡോ ഇല്ല. ലോക്ക്ഡൗൺ ആയതോടെ ഇവർ പട്ടിണിയിലായി. ഉച്ചയ്ക്ക് ദാനം കിട്ടുന്ന ഭക്ഷണം മിച്ചം പിടിച്ചാണ് അത്താഴം കഴിക്കുന്നത്. ഇവരിലധികവും രാവിലെ പട്ടിണിയായിരിക്കും.

ഭക്ഷണത്തിന് വേണ്ടി തെരുവിൽ കാത്തു നിൽക്കുന്നവരുടെ മാത്രം കഥയാണിത്. എന്നാൽ ലോക്ക്ഡൗൺ കാരണം വരുമാനമില്ലാതെ വീടുകളിൽ അരപ്പട്ടിണിയിൽ കഴിയുന്നവരാണ് ഏറെയും. ആത്മാഭിമാനം കാരണം ദാനം വാങ്ങാൻ മടിക്കുന്നവർ. അവരിൽ തുന്നൽക്കാരുണ്ട്,​ നെയ്‌ത്തുകാരുണ്ട്,​ സെയിൽസ് ഗേൾസുണ്ട്,​ ഡ്രൈവർമാരുണ്ട്,​ വർക്‌‌‌ഷോപ്പ് ജോലിക്കാരുണ്ട്,​ വഴിയരികിൽ ചെരുപ്പും കുടയും നന്നാക്കുന്നവരുണ്ട്... ഈ നശിച്ച രോഗത്തിന്റെ വ്യാപനം കുറയണം,​ ലോക്ക്ഡൗണിന് അയവുവരണം എന്നതാണ് അവരുടെ പ്രാർത്ഥന. ജോലി ചെയ്ത് ജീവിക്കാൻ അവസരമുണ്ടാകണം എങ്കിലേ ഈ പാവങ്ങൾക്ക് രക്ഷയുള്ളൂ. അതുവരെ രോഗത്തെ മാത്രമല്ല,​ പട്ടിണിയേയും ഭയന്ന് കഴിയേണ്ട ഗതികേടിലാണ് ഇവർ.