നാഗർകോവിൽ: തമിഴ്നാട്ടിൽ മദ്യശാലകൾ തുറന്നതിന് പിന്നാലെ മദ്യലഹരിയിലുണ്ടായ തർക്കത്തെ തുടർന്ന് യുവാവിനെ നാലംഗ സംഘം കുത്തിക്കൊന്നു. കുത്തേറ്റ മറ്റൊരാൾ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്. കന്യാകുമാരി ജില്ലയിലെ ശുചീന്ദ്രത്ത് ഇന്നലെ വൈകിട്ടാണ് സംഭവം നടന്നത്. ശുചീന്ദ്രം,പറക്ക,ചർച്ച് തെരിവ്വ് സ്വദേശി അയ്യപ്പൻ (24)ആണ് മരിച്ചത്. അയ്യപ്പന്റെ സുഹൃത്ത് എം.എം.കെ നഗർ സ്വദേശി സന്തോഷ് (24) ആണ് കുത്തേറ്റ് ചികിത്സയിലുള്ളത്.
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത്: അയ്യപ്പനും, സന്തോഷും ബൈക്കിൽ വരുന്നതിനിടെ പെരിയക്കുളത്ത് എത്തിയപ്പോൾ നാലംഗ സംഘം റോഡിനരികിൽ ഇരുന്ന് മദ്യപിക്കുന്നത് ശ്രദ്ധയിൽപ്പെട്ടു. ഇത് ഇരുവരും ചേർന്ന് ചോദ്യം ചെയ്തു. തുടർന്ന് വാക്കേറ്റമുണ്ടാകുകയും സംഘർഷത്തിനിടെ സംഘത്തിലൊരാൾ കത്തിയെടുത്ത് സന്തോഷിനെയും അയ്യപ്പനെയും കുത്തുകയായിരുന്നു. കുത്തേറ്റ് ഇരുവരും വീണതോടെ സംഘം രക്ഷപ്പെട്ടു.നാട്ടുകാരാണ് രണ്ടു പേരെയും നാഗർകോവിൽ ആശാരി പള്ളം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചത്.
എന്നാൽ, ആശുപത്രിയിലെത്തിച്ചപ്പോഴേക്കും അയ്യപ്പൻ മരിച്ചിരുന്നു. സന്തോഷ് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ജില്ലാ പൊലീസ് മേധാവി ബദ്രി നാരായണൻ, കന്യാകുമാരി ഡി.എസ്.പി ഭാസ്‌കരൻ എന്നിവർ സ്ഥലം സന്ദർശിച്ച് പരിശോധന നടത്തി. ശുചീന്ദ്രം പൊലീസ് കേസെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് കന്യാകുമാരി ഡി.എസ്. പി ഭാസ്കരന്റെ നേതൃത്വത്തിൽ രണ്ട് സ്‌പെഷ്യൽ ടീം രൂപീകരിച്ച് പ്രതികളെ അന്വേഷിച്ചുവരുന്നു. അയ്യപ്പൻ ആറുമാസം മുമ്പാണ് വിവാഹിതനായത്.