devarcovil

കണ്ണൂർ സിറ്റി: പൗരാണിക തുറമുഖ പട്ടണമായിരുന്ന കണ്ണൂർ സിറ്റിയുടെ ചരിത്രങ്ങളും പൈതൃക ശേഷിപ്പുകളും ശാസ്ത്രീയമായി സംരക്ഷിക്കാൻ സർക്കാർ ഇടപെടുമെന്ന് തുറമുഖം പുരാവസ്തു പുരാരേഖാ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ പറഞ്ഞു. അറക്കൽ രാജ കുടുംബത്തിന്റെ ആസ്ഥാന നഗരമെന്ന നിലയിലും കഴിഞ്ഞ നൂറ്റാണ്ടുകളിൽ സമുദ്ര വാണിജ്യ കേന്ദ്രമെന്ന നിലയിലും വളരെയേറെ പ്രാധാന്യത്തോടെ കണ്ണൂർ സിറ്റിയെ മനസിലാക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചുമതലയേറ്റശേഷം ആദ്യമായി കണ്ണൂരിലെത്തിയതായിരുന്നു അദ്ദേഹം.

തലശ്ശേരി പൈതൃക പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ള കണ്ണൂർ സിറ്റിയിലെ അറക്കൽ രാജ കുടുംബത്തിന്റെ അധീനതയിലുള്ള മ്യുസിയവും, ജീർണാവസ്ഥയിലുള്ള അനുബന്ധ അറക്കൽ കെട്ടിടങ്ങളും പുനരുദ്ധാരിക്കുമെന്നും ഉറപ്പ് നൽകി. കണ്ണൂർ സിറ്റിയിലെ പൈതൃകങ്ങളുടെ സംരക്ഷണവും സിറ്റിയുടെ ചരിത്ര രചനയും മുഖ്യമായി ഊന്നി പ്രവർത്തിക്കുന്ന കണ്ണൂർ സിറ്റി ഹെറിറ്റേജ് ഫൗണ്ടേഷന്റെ പ്രവർത്തനങ്ങൾ ഉൾപ്പെടെ പ്രോജക്ട് റിപ്പോർട്ടിന്റെ പകർപ്പ് പ്രവർത്തകർ മന്ത്രിക്ക് കൈമാറി. കണ്ണൂർ സിറ്റി ഹെറിറ്റേജ് ഫൗണ്ടേഷൻ ഡയറക്ടർ മുഹമ്മദ് ശിഹാദ്, അറക്കൽ രാജ കുടുംബാഗം നിയാസ് ആദിരാജ, ഹെറിറ്റേജ് ഫൗണ്ടേഷൻ അംഗങ്ങളായ നാഫി റഹ്മാൻ, നാഷണൽ യൂത്ത് ലീഗ് പ്രതിനിധി ജുനൈദ് എന്നിവർ കൂടിക്കാഴ്ചയിൽ മന്ത്രിയുമായി സംവദിച്ചു. വൈകിട്ട് അറക്കൽ മ്യൂസിയം സന്ദർശിക്കാനെത്തിയ മന്ത്രിയെ അറക്കൽ രാജ കുടുംബാംഗങ്ങളായ അർഷാദ് ആദിരാജ, നിയാസ് ആദിരാജ, സാഹിർ ആദിരാജ, ഗഫൂർ ആദിരാജ എന്നിവർ ചേർന്ന് സ്വീകരിച്ചു.