sisters

രാമനാട്ടുകര: നാടെങ്ങും ഒരു വിദ്യാലയവും പ്രവർത്തിക്കാത്ത ലോക്ക് ഡൗണിൽ എന്നും രാവിലെ യൂണിഫോം അണിഞ്ഞ് ഐ.ഡി കാർഡ് ഇട്ട് ടൈം ടേബിൾ പ്രകാരം പുസ്തകങ്ങൾ എടുത്ത് വച്ച് സ്‌കൂളിലേക്ക് പോകാനുള്ള തയ്യാറെടുപ്പിലാണ് നാലാം ക്ലാസുകാരി ഇൽഫറെബിയും എൽ.കെ.ജി വിദ്യാർത്ഥിനി ഹൈഫയും. ജൂൺ 1 മുതൽ ഈ സഹോദരിമാർ കൃത്യമായി സ്‌കൂളിൽ പോകുന്നുണ്ട്. ലോക്ക് ഡൗൺ കാലത്ത് ഏത് സ്‌കൂളാണ് പ്രവർത്തിക്കുന്നതെന്നല്ലെ നിങ്ങളുടെ സംശയം, എങ്കിൽ അതിനുള്ള മറുപടി ഇതിലുണ്ട്.

ഈ ലോക്ക്ഡൗണിൽ പ്രവർത്തിക്കുന്ന സ്‌കൂൾ മറ്റെവിടെയുമല്ല, ഇവരുടെ വീട്ടിന്റെ മുകളിലെ നിലയാണ് സ്‌കൂളും ക്ലാസ് മുറിയുമായി മാറ്റിയത്. 10 മണിക്ക് ക്ലാസ് ആരംഭിക്കും. 4 മണിക്ക് ക്ലാസ് അവസാനിക്കും. സ്‌കൂളിന് സമാനമായ ചിട്ടവട്ടങ്ങൾ. ക്ലാസ്സ് മുറിയെ ഓർമ്മിപ്പിക്കും വിധം ചുമരിൽ ചിത്രങ്ങൾ, അക്ഷരമാലകൾ ക്ലാസും ഡിവിഷനും ചേർത്തുള്ള സൂചകങ്ങൾ, ടൈംടേബിൾ, ബോർഡ് എല്ലാം ഒരു കൊച്ചു കുട്ടിയുടെ പരിമിതിയിൽ നിന്ന് കൊണ്ട് ഒരുക്കിയിരിക്കുന്നു.
ഫാറൂഖ്‌ കോളേജ് കോടംമ്പുഴ പള്ളിയാളി ഫൈസൽ-സബിത ദമ്പതികളുടെ മക്കളാണ് ഇൽഫറെബിയും ഹൈഫയും. കരിങ്കല്ലായ് ജി.എം.എൽ.പി സ്‌ക്കൂൾ വിദ്യാർത്ഥിനികളാണ് ഇരുവരും. കൊവിഡ് പ്രതിസന്ധി കാരണം പുറത്തിറങ്ങുന്നതിനും കൂട്ടുകാരുമായി ഒത്തുചേരുന്നതിനുള്ള സാഹചര്യം ഇല്ലാത്തതും ഓൺലൈൻ ക്ലാസിന്റെ വിരസതയുമൊക്കെ കുട്ടികളിൽ മാനസിക സമ്മർദ്ദമേറ്റുമ്പോൾ സ്വന്തമായൊരു ആശയത്തിലൂടെ വീട്ടിനകത്തിരുന്നുകൊണ്ട് തന്നെ വിജ്ഞാനവും, വിനോദവും കണ്ടെത്തുകയാണ് ഈ കുട്ടികൾ.