photo

പാലോട്: നിരവധിപേരുടെ കുടിവെള്ള സ്രോതസായ വാമനപുരം നദി ഇപ്പോൾ മാലിന്യ വാഹിയായതായി പരാതി. പ്ലാസ്റ്റിക്കും അറവ് മാലിന്യങ്ങളും ഉൾപ്പടെ മാലിന്യങ്ങൾ കുമിഞ്ഞുകൂടാൻ തുടങ്ങി. ഇതോടെ നദിയിലെ കുടിവെള്ള പദ്ധതി പ്രദേശമായ പാലോട്, ചെറ്റച്ചൽ, താവയ്ക്കൽ, കുണ്ടാളംകുഴി എന്നിവിടങ്ങളിലേക്ക് ജലം എത്തുന്ന വമാനപുരം നദിയാണ് നാളുകൾ കഴിയും തോറും മാലിന്യവാഹിയായിക്കൊണ്ടിരിക്കുന്നത്.

വാമനപുരം നദിയിൽ നിന്നും ശേഖരിക്കുന്ന വെള്ളമാണ് ഉപഭോക്താക്കൾക്ക് വാട്ടർ അതോറിട്ടി നൽകുന്നത്. ഈ വെള്ളത്തിൽ ബ്ലീച്ചിംഗ് പൗഡറിട്ട് ജനങ്ങൾക്ക് വിതരണം ചെയ്യുന്നതായാണ് പരാതി. വെള്ളത്തിന്റെ രാസ പരിശോധനയും നടന്നിട്ട് കാലങ്ങളായി. കടുത്ത ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുമെന്ന ഭീതിയോടെയാണ് ജനങ്ങൾ ഓരോ ദിനവും തള്ളിനീക്കുന്നത്.

നന്ദിയോട് പഞ്ചായത്തിൽ പല കുടിവെള്ള പദ്ധതികളാണ് നടപ്പിലാക്കുന്നത്. നിലവിൽ പ്രവർത്തിക്കുന്നതും നിർമ്മാണത്തിലിരിക്കുന്നതുമായ പല പദ്ധതികളും ഉണ്ട്. ഇവിടങ്ങളിലെല്ലാം തന്നെ വെള്ളം എത്തുന്നത് വാമനപുരം നദിയിലെ വെള്ളമാണ്. നിരവധിപേർക്ക് ദാഹമകറ്റേണ്ട ഈ നദിയെ സംരക്ഷിക്കണമെന്നും മാലിന്യം നീക്കി ശുദ്ധമായ കുടിവെള്ളം ജനങ്ങളിൽ എത്തിക്കണമെന്നുമാണ് പൊതുജനങ്ങളുടെ ആവശ്യം.

  പാളിയ കുടിവെള്ള പദ്ധതി

പാലോട് ആറ്റുകടവിലുള്ള ജലസംഭരണിയിൽ നിന്നും ശേഖരിക്കുന്ന ജലം നന്ദിയോട് പഞ്ചായത്ത് സ്റ്റേഡിയത്തിനു സമീപമുള്ള ടാങ്കിൽ എത്തിച്ച് അവിടെ നിന്നാണ് വിവിധ ഭാഗങ്ങളിലേക്കുള്ള പൈപ്പുകളിലൂടെ ജനങ്ങളിലെത്തുന്നത്. റോഡ് പണിയോടനുബന്ധിച്ച് ഇവിടങ്ങളിൽ കുടിവെള്ളം മുടങ്ങിയിട്ടും യാതൊരു നടപടിയും നാളിതുവരെയില്ല.

 ലക്ഷ്യം കാണാതെ നന്ദിയോട്- ആനാട് കുടിവെള്ള പദ്ധതി

ഗുണനിലവാരമുള്ള ശുദ്ധമായ കുടിവെള്ളം ജനങ്ങളിലേക്ക് എത്തിക്കണം എന്ന ലക്ഷ്യത്തോടെ ജലസേചന വകുപ്പ് മന്ത്രി ആയിരുന്ന എം.കെ. പ്രേമചന്ദ്രൻ പ്രഖ്യാപിച്ച് 2009 ൽ ആരംഭിച്ച 60 കോടിയുടെ നന്ദിയോട് ആനാട് കുടിവെള്ള പദ്ധതി നടത്തിപ്പും വാട്ടർ അതോറിട്ടിക്കായിരുന്നു. ഇതും ഏകദേശം നിലച്ച മട്ടാണ്. പദ്ധതി പ്രദേശങ്ങൾ കാടുമൂടി കിടന്നിട്ടും തിരിഞ്ഞു പോലും നോക്കാതെ നാശത്തിന്റെ വക്കിലെത്തി. ഇലക്‌ഷൻ അടുത്തപ്പോൾ ലക്ഷങ്ങളുടെ പ്രഖ്യാപനം നടന്നു എങ്കിലും ഇപ്പോൾ എല്ലാം നിലച്ചമട്ടാണ്.

നന്ദിയോട് പഞ്ചായത്ത് 27 ലക്ഷം രൂപക്ക് 40 സെന്റ് സ്ഥലം കുടിവെള്ള പദ്ധതിക്കായി വാങ്ങി നൽകിയിട്ടും ഓവർ ഹെഡ് ടാങ്കുകളുടെ നിർമ്മാണത്തിനായ് നാളിതുവരെ യാതൊരു നടപടികളും സ്വീകരിക്കാതെ പദ്ധതി നിശ്ചലമായി.

 നന്ദിയോട്- ആനാട് പദ്ധതി പ്രഖ്യാപിച്ചത്....................2009 ൽ

 പ്രഖ്യാപനം നടത്തിയത്.... അന്നത്തെ ജലസേചന വകുപ്പ് മന്ത്രി എം.കെ. പ്രേമചന്ദ്രൻ

 പദ്ധതിക്കായി അനുവദിച്ചത്......... 60 കോടി

 പദ്ധതിക്കായി നന്ദിയോട് പഞ്ചായത്ത് വാങ്ങിയ സ്ഥലം ..... 40 സെന്റ്

 സ്ഥലം വാങ്ങാൻ ചെലവായത്........ 27 ലക്ഷം