sabheesh

അജാനൂർ: ഇന്നലെ ഉണ്ടായ കനത്ത മഴയിലും കാറ്റിലും അജാനൂർ പഞ്ചായത്തിലെ മുക്കൂടിൽ കനത്ത നാശ നഷ്ടം. മുക്കൂട് കാരക്കുന്ന് ബദർ ജുമാ മസ്ജിദിലെ ഷെഡ് പൂർണ്ണമായും തകർന്നു. ഷെഡിന്റെ ഒരു ഭാഗം തൊട്ടടുത്തുള്ള കെ.കെ. അഷ്റഫിന്റെ വീട്ടിലേക്ക് തകർന്നു വീഴുകയും ചെയ്തു. രണ്ട് ലക്ഷം രൂപയുടെ നഷ്ടമെങ്കിലും ഉണ്ടാകുമെന്ന് ബദർ ജുമാ മസ്ജിദ് പ്രസിഡന്റ് അബ്ദുല്ല ഹാജി പറഞ്ഞു. പള്ളിയുടെ തൊട്ടടുത്തുള്ള വാഴത്തോട്ടം പൂർണ്ണമായും നശിച്ചു . മുന്നൂറോളം വാഴകളാണ് ഇന്നലെ ഉണ്ടായ കാറ്റിലും മഴയിലും നിലം പതിച്ചത് . വളരെ കഷ്ടതകൾ അനുഭവിച്ചാണ് ഇത്തവണ കൃഷി നടത്തിയത് എന്നും സർക്കാരിന്റെ ഭാഗത്ത് നിന്നും അർഹമായ ധനസഹായം ലഭിക്കും എന്ന പ്രതീക്ഷയാണ് ഉള്ളത് എന്നും കൃഷി ഇറക്കിയ ഗംഗാധരൻ പറഞ്ഞു. കാറ്റിലും മഴയിലും കനത്ത നാശ നഷ്ടം സംഭവിച്ചവർക്ക് നഷ്ടപരിഹാരം ലഭിക്കുന്നതിന് വേണ്ട ഇടപെടലുകൾ നടത്തുമെന്ന് സംഭവ സ്ഥലം സന്ദർശിച്ച അജാനൂർ പഞ്ചായത്ത്, ചിത്താരി വില്ലേജ് അധികൃതർ ജനങ്ങൾക്ക് ഉറപ്പ് നൽകി. അജാനൂർ പഞ്ചായത്ത് പ്രസിഡന്റ് ടി. ശോഭ, വൈസ് പ്രസിഡന്റ് കെ. സബീഷ്, വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ. മീന, ഇരുപത്തി മൂന്നാം വാർഡ് മെമ്പർ എം. ബാലകൃഷ്ണൻ, ചിത്താരി വില്ലേജ് ഓഫീസർ രമേശൻ, സി.പി.എം നേതാക്കളായ കെ. രാജേന്ദ്രൻ, പി. ദാമോദരൻ, ഗംഗാധരൻ, ഐ.എൻ.എൽ നേതാക്കളായ റിയാസ് അമലടുക്കം, ഹമീദ് മുക്കൂട്, കെ.കെ. അഷ്റഫ്, മുസ്ലിം ലീഗ് നേതാക്കളായ എ.കെ. ഹസൈനാർ, എം.സി. മുഹമ്മദ് കുഞ്ഞി തുടങ്ങിയവർ സ്ഥലം സന്ദർശിച്ചു.