കൊവിഡ് രണ്ടാം തരംഗത്തിൽ വീണ്ടും പ്രതിസന്ധിയിലായ സിനിമാ ലോകത്തിന് ആശ്വാസമേകിക്കൊണ്ട് ചിത്രീകരണങ്ങൾ പുനരാരംഭിക്കുന്ന ശുഭവാർത്ത. ബോളിവുഡ് സൂപ്പർഹിറ്റായ അന്ധാദുനിന്റെ തെലുങ്ക് റീമേക്കായ മാസ്റ്ററോടെയാണ് 'അൺലോക്ക്" പ്രക്രിയകൾ പുരോഗമിക്കുന്നതിനിടയിൽ കഴിഞ്ഞ ദിവസം പുനരാരംഭിച്ചത്.
യുവതാരം നിതിൻ നായകനാകുന്ന ചിത്രത്തിൽ നഭാ നടേഷാണ് നായിക. തമന്ന നെഗറ്റീവ് ടച്ചുള്ള ഒരു വേഷമവതരിപ്പിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് മെർലപക ഗാന്ധിയാണ്.
അതേസമയം അന്ധാദുനിന്റെ മലയാളം റീമേക്കായ രവി കെ. ചന്ദ്രൻ - പൃഥ്വിരാജ് കൂട്ടുകെട്ടിലൊരുങ്ങുന്ന ഭ്രമം ഉൾപ്പെടെ ഒട്ടേറെ ചിത്രങ്ങൾ പൂർത്തിയാകാനുണ്ട്.
ലോക് ഡൗണിൽ കൂടുതൽ ഇളവുകൾ വരുന്നതോടെ ചിത്രീകരണങ്ങൾ പുനരാരംഭിക്കാനും തിയേറ്ററുകൾ വീണ്ടും തുറന്ന് പ്രവർത്തിക്കുകയും ചെയ്യാനാവുമെന്ന പ്രതീക്ഷയിലാണ് മലയാള സിനിമാലോകം.