 നായ്ക്കൾ കാരണം അപകടം പതിവാകുന്നു നഗരത്തിലെ മാലിന്യനീക്കം നിലച്ചതും വിനയായി

തിരുവനന്തപുരം: തെരുവുനായ പിടിത്തവും വന്ധ്യംകരണവും നിലച്ചതോടെ നിരത്തുകൾ കൈയേറി നായ്ക്കൾ. മൂന്ന് ദിവസത്തിനിടെ നായ കുറുകെ ചാടി പത്തോളം ഇരുചക്രവാഹന യാത്രികരാണ് അപകടത്തിൽപ്പെട്ടത്. മെ‌ഡിക്കൽ കോളേജ് - കുമാരപുരം റോഡിലും തമ്പാനൂരും ആനയറിലുമായിരുന്നു അപകടങ്ങൾ. അപകടത്തിൽനിന്ന് തലനാരിഴയ്ക്കാണ് പരിക്കുകളില്ലാതെ രക്ഷപ്പെട്ടത്. നായയെ ഇടിക്കാതിരിക്കാൻ വാഹനം വെട്ടിത്തിരിച്ച് വീണവരും കൂട്ടിയിടി ഒഴിവാക്കാൻ വാഹനം വെട്ടിച്ച് അപകടത്തിൽപെട്ടവരും ഇക്കൂട്ടത്തിലുണ്ട്. ഇരുട്ട് വീണാൽ നായ്ക്കളുടെ ശല്യം രൂക്ഷമാണെന്ന് നഗരവാസികൾ പറയുന്നു. തമ്പാനൂർ, കിഴക്കേകോട്ട, പാളയം, കുമാരപുരം, പേട്ട, ചാക്ക, ആനയറ, ചാല, കിള്ളിപ്പാലം, വെസ്റ്റ് ഫോർട്ട് തുടങ്ങി നഗരത്തിലെ പ്രധാനയിടങ്ങളിലെ റോഡുകളെല്ലാം ഇവയുടെ ശല്ല്യമേറിയിട്ടുണ്ട്. കാൽനട യാത്രക്കാർക്കുപോലും ഇവിടങ്ങളിലൂടെ സ്വസ്ഥമായ സഞ്ചാരം സാദ്ധ്യമല്ല. റോഡിൽ തള്ളുന്ന ഭക്ഷണഅവശിഷ്ടം അടക്കമുള്ള മാലിന്യങ്ങൾ ഭക്ഷണമാക്കിയാണ് ഇവയുടെ വാസം. എ.ബി.സി പദ്ധതിയുടെ ഭാഗമായി വർഷങ്ങൾക്ക് മുൻപ് നടത്തിയ സർവേയിൽ തലസ്ഥാന നഗരത്തിൽ 10,000ത്തോളം നായ്ക്കൾ ഉണ്ടെന്ന് കണ്ടെത്തിയെങ്കിലും ഇതിന്റെ പതിന്മടങ്ങാണ് നേരായ കണക്കെന്നതാണ് വാസ്തവം. ഒരു മാസം 150ഓളം വന്ധ്യംകരണ ശസ്ത്രക്രിയകൾ നടത്തുന്നുണ്ടെന്നാണ് അധികൃതരുടെ വാദമെങ്കിലും ഇതും ഏറക്കുറെ നിലച്ച മട്ടാണ്.

 മാലിന്യ നീക്കം നിലച്ചു, നടപടിയുമില്ല

കൊവിഡ് രണ്ടാം വരവ് രൂക്ഷമായതോടെ നഗരത്തിലെ മാലിന്യനീക്കം നിലച്ചമട്ടാണ്. റോഡുകളിൽ പ്ലാസ്റ്റിക് ചാക്കുകളിലും കവറുകളിലും മാലിന്യം വലിച്ചെറിയുന്നതും പതിവായിരിക്കുകയാണ്. സി.സി ടിവികൾ ഇല്ലാത്ത നഗരത്തിലെ ഇടുങ്ങിയ റോഡുകളിലും ദേശീയപാതയ്‌ക്ക് സമീപവുമാണ് മാലിന്യം കൊണ്ടിടുന്നത് പതിവായിരിക്കുന്നത്. കുട്ടികളുടെ ഡയപ്പറുകളടക്കമുള്ള മാലിന്യങ്ങൾ കവറിൽ കെട്ടി പൊതുനിരത്തുകളിലാണ് വലിച്ചെറിയുന്നത്. ഇതിനൊപ്പം പച്ചക്കറി, ഭക്ഷണ അവശിഷ്ടങ്ങളുമുണ്ട്. ഈ മാലിന്യ കൂമ്പാരങ്ങളെ ചുറ്റിയാണ് നായ്ക്കളുടെ വാസം. പലതവണ വൃത്തിയാക്കിയ പാർവതി പുത്തനാറിലും, നഗരമദ്ധ്യത്തിലെ ആമയിഴഞ്ചാൻ തോട്ടിലും മാലിന്യം കൊണ്ടിടുന്നത് ഇതുവരെ കുറഞ്ഞിട്ടില്ല. നഗരസഭയുടെ പരിശോധനയും നടപടികളും ഇല്ലതായതും ഇത് ഇരട്ടിയാക്കി. മാലിന്യനിക്ഷേപത്തിന് തടയിടാൻ സി.സി ടിവി അടക്കമുള്ള സംവിധാനങ്ങൾ സജ്ജമാക്കുമെന്ന് പലവട്ടം പറഞ്ഞിരുന്നെങ്കിലും യാതൊന്നും നടന്നിട്ടില്ല.

 വകയിരുത്തിയത് ഒരുകോടി 60 ലക്ഷം

കഴിഞ്ഞ ബഡ്ജറ്റിൽ തെരുവുനായ്‌ക്കളുടെ സംരക്ഷണത്തിനും ഷെൽട്ടറുകൾ നിർമ്മിക്കാനും വന്ധ്യംകരണത്തിനുമായി ഒരുകോടി 60 ലക്ഷം രൂപ വകയിരുത്തിയെങ്കിലും ഇവയൊന്നും നടന്നില്ലെന്ന് പ്രതിപക്ഷം ആരോപിച്ചു. ഷെൽട്ടർ പോയിട്ട് ഒരു കൂര പോലും ഇതുവരെ നിർമ്മിച്ചിട്ടില്ല. വന്ധ്യംകരണം ഉൾപ്പെടെയുള്ള പ്രവൃത്തികളും നിലച്ചെന്നും അവർ ആരോപിക്കുന്നു.

 വന്ധ്യംകരണം നടത്തുന്നുണ്ടെന്ന് നഗരസഭ

ലോക്ക്ഡൗണിനിടെ കുറച്ചുനാൾ നിറുത്തിവച്ചിരുന്നെങ്കിലും വന്ധ്യംകരണം നടത്തുന്നുണ്ട്. പേട്ട, തിരുവല്ലം മൃഗാശുപത്രികൾ കേന്ദ്രീകരിച്ച് രണ്ടു സ്‌ക്വാഡുകളായി തിരിഞ്ഞാണ് നായ്‌ക്കളെ പിടികൂടുന്നത്. ഒരു മാസം 400ഓളം നായ്‌‌ക്കളെ പിടികൂടി വന്ധ്യംകരണം നടത്തുന്നുണ്ട്. ഇതിനിടെ ജീവനക്കാർക്കും കൊവിഡ് ബാധിച്ചിരുന്നു.