മുടപുരം: നിറവ് പദ്ധതിയുടെ ഭാഗമായി എ.ഐ.എസ്.എഫ് ചിറയിൻകീഴ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കുട്ടികൾക്ക് ഫോൺ വാങ്ങി നൽകി. ഓൺലൈൻ പഠന സൗകര്യം ഇല്ലാത്ത പറയത്തുകോണം ഗവ. യു.പി സ്കൂളിലെ ഒരു വിദ്യാർത്ഥിക്കും കൂന്തള്ളൂർ പ്രേംനസീർ മെമ്മോറിയൽ ഗവ. ഹയർസെക്കൻഡറി സ്കൂളിൽ പഠിക്കുന്ന രണ്ട് വിദ്യാർത്ഥികൾക്കുമാണ് ഫോൺ നൽകിയത്. സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം മനോജ്. ബി ഇടമന ഫോൺ വിദ്യാർത്ഥികൾക്ക് കൈമാറി. എ. ഐ.എസ്.എഫ് ചിറയിൻകീഴ് മണ്ഡലം സെക്രട്ടറി അമജേഷിന്റെ അദ്ധ്യക്ഷതയിൽ സി.പി.ഐ കിഴുവിലം ലോക്കൽ കമ്മിറ്റി വാങ്ങിയ പഠനോപകരണങ്ങൾ ലോക്കൽ കമ്മറ്റി സെക്രട്ടറി എ. അൻവർഷാ വിദ്യാർഥികൾക്ക് കൈമാറി. പച്ചക്കറി-പലവ്യഞ്ജന കിറ്റ് കിഴുവിലം ഗ്രാമപഞ്ചായത്ത് പതിനാലാം വാർഡ് മെമ്പർ ആർ. രജിത വിദ്യാർഥികളുടെ അമ്മയ്ക്ക് കൈമാറി. എ.ഐ.വൈ.എഫ് ലോക്കൽ കമ്മിറ്റി സെക്രട്ടറി മുഹമ്മദ് ഷാജു,സി.പി.ഐ നേതാവായ ഷാഹിദ് തെങ്ങുവിള, എ. ഐ. എസ്.എഫ് മണ്ഡലം പ്രസിഡന്റ് രാകേഷ് തുടങ്ങിയവർ പങ്കെടുത്തു.