പൂവാർ: നെയ്യാറ്റിൻകര നഗരസഭയുടെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന പെരുമ്പഴുതൂർ പ്രാഥമിക ആരോഗ്യ കേന്ദ്രം പതിറ്റാണ്ടായി ജനങ്ങളെ വട്ടം ചുറ്റിക്കുകയാണ്. കൊവിഡ് പ്രതിരോധ വാക്സിൻ വിതരണം ആരോഗ്യ കേന്ദ്രങ്ങൾ വഴി നടപ്പാക്കാൻ തുടങ്ങിയതോടെ ഈ വട്ടം ചുറ്റൻ ഇരട്ടിയായി. ഓൺലൈൻ രജിസ്ട്രേഷന് ശേഷം വാക്സിൻ സ്വീകരിക്കാൻ പെരുമ്പഴുതൂർ പി.എച്ച്.സി തേടി ഇറങ്ങുന്നവരാണ് ഇപ്പോൾ ദുരിതത്തിലാകുന്നവരിൽ ഏറെയും. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നും എത്തുന്നവർ അനാവശ്യമായി കിലോമീറ്ററുകൾ അധികം സഞ്ചരിക്കേണ്ടി വരുന്നു. പൂവാറിൽ നിന്നും വരുന്നവർ 8 കിലോമീറ്റർ കൂടുതൽ സഞ്ചരിച്ച ശേഷമാണ് യഥാർത്ഥ സ്ഥലത്ത് എത്തിച്ചേരുന്നത്. കൂടാതെ പാറശാല, വെള്ളറട, കാട്ടാക്കട, ബാലരാമപുരം, വിഴിഞ്ഞം ഭാഗങ്ങളിൽ നിന്നും വരുന്നവരുടെ അവസ്ഥയും ഇതു തന്നെ എന്നാണ് അനുഭവസ്ഥർ പറയുന്നത്. നെയ്യാറ്റിൻകര നഗരത്തിൽ നിന്നും നാല് കിലോമീറ്റർ വടക്ക് മാറിയാണ് പെരുമ്പഴുതൂർ. എന്നാൽ നാല് കിലോമീറ്റർ തെക്ക് മാറി ഓലത്താന്നിയിലാണ് പെരുമ്പഴുതൂർ പി.എച്ച്.സി നിലകൊള്ളുന്നത്. ഇത് കണ്ടെത്തുന്നതിനാണ് ജനം ഇപ്പോൾ തെക്കോട്ടും വടക്കോട്ടും ഓടിക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞ 20 വർഷം നഗരസഭയുടെ നിയന്ത്രണത്തിൽ പ്രവർത്തിച്ചിട്ടും സെന്ററിന്റെ പേരിനൊപ്പമുള്ള പെരുമ്പഴുതൂർ എന്ന സ്ഥലനാമം മാറ്റി ഓലത്താന്നി എന്ന് കൂട്ടിച്ചേർക്കാത്തതാണ് ഈ ദുരിതങ്ങൾക്ക് കാരണം.
ജനങ്ങൾക്ക് ആശ്വാസമേകാൻ ഡിസ്പെൻസറി
2000-ൽ നടന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിലാണ് പെരുമ്പഴുതൂർ ഗ്രാമ പഞ്ചായത്തിനെ നെയ്യാറ്റിൻകര നഗരസഭയോട് കൂട്ടി ചേർക്കുന്നത്. അതിന് മുമ്പ് നഗരസഭയുടെ തെക്കും വടക്കുമായി വേർപെട്ട് കിടക്കുകയായിരുന്നു പെരുമ്പഴുതൂർ ഗ്രാമ പഞ്ചായത്ത്. അന്ന് നഗരത്തിലെ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയെത്താൻ ബുദ്ധിമുട്ടുന്ന ഓലത്താന്നി മേഖലയിലെ ഗ്രാമ വാസികൾക്ക് ആശ്വാസമേകാൻ വേണ്ടിയാണ് പെരുമ്പഴുതൂർ ഗ്രാമപഞ്ചായത്ത് ഒരു റൂറൽ ഡിസ്പെൻസറി ഓലത്താന്നിയിൽ ആരംഭിക്കുന്നത്. ഇതിന് ആവശ്യമായ ഭൂമി സംഭാവനയായി നൽകിയത് ഓലത്താന്നി പനക്കാവിളയിൽ ജോൺ കുട്ടി നാടാർ ആയിരുന്നു. 1975 ൽ ആരോഗ്യ മന്ത്രിയായിരുന്ന എൻ.കെ. ബാലകൃഷ്ണനാണ് ഇതിന് ശിലാസ്ഥപനം നിർവഹിച്ചത്. അന്നാരംഭിച്ച റൂറൽ ഡിസ്പെൻസറി പ്രൈമറി ഹെൽത്ത് സെന്ററായും പിന്നീട് ഇപ്പോൾ കമ്മ്യൂണിറ്റി ഹെൽത്ത് സെന്റററായും മാറി.
ദിവസവും 100 കണക്കിന് പ്രദേശ വാസികൾ ഇവിടെ ചികിത്സ തേടി എത്തുന്ന ഇവിടെ ലബോറട്ടറി സൗകര്യമില്ല
ലാബിനും ഇ.സി.ജിക്കും, എക്സറേയ്ക്കും നെയ്യാറ്റിൻകര ടൗണിനെ ആശ്രയിക്കണം.
വിവിധ ഭാഗങ്ങളിൽ നിന്നും എത്തുന്നവർ അനാവശ്യമായി കിലോമീറ്ററുകൾ അധികം സഞ്ചരിക്കണം
പ്രൈമറി ഹെൽത്ത് സെന്റർ ശിലാസ്ഥാപനം നടന്നത്...... 1975ൽ
ശിലാസ്ഥാപനം നടത്തിയത്...... എൻ.കെ. ബാലകൃഷ്ണൻ
ഓലത്താന്നിയിൽ പ്രവർത്തിക്കുന്ന പെരുമ്പഴുതൂർ പ്രൈമറി ഹെൽത്ത് സെന്ററിന്റെ പേരിലുള്ള പിഴവ് കാരണം ജനങ്ങൾ ബുദ്ധിമുട്ടുന്നത് ശ്രദ്ധയിൽ പ്പെട്ടിട്ടുണ്ട്. ഇത് പരിഹരിക്കാനായി അടുത്ത കൗൺസിൽ യോഗത്തിൽ പ്രമേയം അവതാരിപ്പിച്ച് ഡി.എം.ഒ മുതലുളള ആരോഗ്യവകുപ്പ് മേലുദ്യോഗസ്ഥന്മാർ കൈമാറും. അതോടെ ഈ പ്രശ്നം പരിഹരിക്കാൻ കഴിയും
ജോസ് ഫ്രാങ്ക്ളിൻ നഗരസഭാ ആരോഗ്യസ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ
ഫോട്ടോ: ഓലത്താന്നിയിൽ പ്രവർത്തിക്കുന്ന പെരുമ്പഴുതൂർ പ്രൈമറി ഹെൽത്ത് സെന്റർ.