ആറ്റിങ്ങൽ: നാവായിക്കുളം ഇ.എസ്.ഐ ആശുപത്രി കെട്ടിട നിർമ്മാണത്തിന്റെ അനുമതി ലഭിച്ചതായി അടൂർ പ്രകാശ് എം.പി വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഈ മേഖലയിലുള്ള തൊഴിലാളികളുടെ പ്രധാന ആവശ്യമായിരുന്നു ഇ.എസ്.ഐ ആശുപത്രി. ആശുപത്രിക്കായി രണ്ട് ഏക്കറോളം സ്ഥലം 1985ൽ വാങ്ങിയിരുന്നു. എന്നാൽ ഈ സ്ഥലം ആശുപത്രിക്ക് അനുയോജ്യമല്ല എന്ന റിപ്പോർട്ടാണ് കേന്ദ്ര ആരോഗ്യവകുപ്പിന് ലഭിച്ചത്. ഇതു സംബന്ധിച്ച് കേന്ദ്രമന്ത്രിയുമായും വകുപ്പ് തല ഉദ്യോഗസ്ഥരുമായും നിരന്തരം എം.പി ബന്ധപ്പെട്ട് കാര്യങ്ങൾ ധരിപ്പിച്ചാണ് അനുമതി നേടിയത്. നിലവിൽ വാടകക്കെട്ടിടത്തിലാണ് ആശുപത്രി പ്രവർത്തനം. പുതിയ കെട്ടിട നിർമ്മാണത്തിനായി 5,​02,​45,​595 കോടി രൂപ​ അനുവദിച്ചുണ്ടെന്നും നിർമ്മാണ പ്രവർത്തനങ്ങൾ രണ്ടു മാസത്തിനകം ആരംഭിക്കുമെന്നും എം.പി പറഞ്ഞു.