മുടപുരം: പെരുങ്ങുഴിയിലെ എസ്.ബി.ഐ യുടെ എ.ടി.എം ഒരുമാസക്കാലമായി പ്രവർത്തനരഹിതമായത് നാട്ടുകാരെ വലയ്ക്കുന്നു. കൊവിഡ് കാലമായതിനാൽ ബാങ്കിന്റെ പ്രവർത്തന ദിവസവും സമയവും കുറച്ചപ്പോൾ, എ.ടി.എം.നാട്ടുകാർക്ക് വലിയ ആശ്വാസമായിരുന്നു. രാവിലെ വന്നാൽ മണിക്കൂറുകൾ പലത് കഴിഞ്ഞ് മാത്രമേ ഇടപാടുകൾ നടത്തുവാൻ കഴിയൂ. പണം മാത്രം ആവശ്യമുള്ളവർക്ക് എ.ടി.എം ഒരു ആശ്വാസമായിരുന്നു. എന്നാൽ ഇപ്പോൾ അതും പ്രവർത്തനരഹിതമായപ്പോൾ നാട്ടുകാരുടെ കഷ്ടപ്പാടുകൾ ഇരട്ടിച്ചു. കേരള ഗ്രാമീൺ ബാങ്കിന്റെ ബ്രാഞ്ച് പെരുങ്ങുഴിയിൽ പ്രവർത്തിക്കുന്നുണ്ടെങ്കിലും അവിടെ എ.ടി.എം. ഇല്ല. കേരളാ ഗ്രാമീൺ ബാങ്കിന്റെ എ.ടി.എം.തുറക്കണമെന്ന് ആവശ്യപ്പെട്ട് പെരുങ്ങുഴി ക്ഷീരസംഘം അപേക്ഷ നൽകിയെങ്കിലും നാളിതുവരെ തുറന്നിട്ടില്ല, അതിനാൽ പെരുങ്ങുഴി ജംഗ്‌ഷനിൽ ആകെയുള്ള എസ്.ബി.ഐയുടെ എ.ടി.എം. പ്രവർത്തനക്ഷമമാക്കുവാൻ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് ഡി.വൈ.എഫ്.ഐ. മുട്ടപ്പലം മേഖലാ പ്രസിഡന്റ് എൻ.ആർ. റിനു ആവശ്യപ്പെട്ടു.