തിരുവനന്തപുരം: ഓവർ ബ്രിഡ്ജിൽ എസ്.എം.വി സ്‌കൂളിന് എതിർവശത്ത് പ്രവർത്തിക്കുന്ന നഗരത്തിലെ ആദ്യത്തെ ജനകീയ ഹോട്ടലിന്റെ ഭിത്തി തകർന്നു വീണു. തിങ്കളാഴ്ച പുലർച്ചയോടെയാണ് ജനകീയ ഹോട്ടലിന്റെ ഭിത്തി നിലം പൊത്തിയത്. സ്റ്റോർ റൂമിന്റെ ഒരു ചുവരാണ് തൊട്ടടുത്തുള്ള പുരയിടത്തിലേക്ക് പതിച്ചത്. ജീവനക്കാരുടെ വിശ്രമ കേന്ദ്രം കൂടിയാണിത്. അപകട സമയം തൊഴിലാളികൾ ജോലിത്തിരക്കിലായിരുന്നതിനാൽ സ്റ്റോർ റൂമിൽ ആരുമില്ലായിരുന്നു.

സ്റ്റോറിന്റെ അപകടനില ചൂണ്ടിക്കാട്ടി മുൻ മേയർ ശ്രീകുമാറിനും നിലവിലെ മേയർ ആര്യാരാജേന്ദ്രനും രേഖാമൂലം പരാതികൾ നൽകിയിരുന്നെങ്കിലും നടപടിയൊന്നുമുണ്ടായില്ലെന്ന് ജീവനക്കാർ പരാതിപ്പെടുന്നു. മാസങ്ങൾക്ക് മുൻപ് കെട്ടിടത്തിന്റെ ജനറേറ്റർ റൂമിന്റെ ചുവർ ഇടിഞ്ഞുവീണിരുന്നു. ഇതേ തുടർന്ന് അറ്റകുറ്റപ്പണികൾ തീരുന്നത് വരെ കെട്ടിടം അടച്ചിടാൻ അന്ന് സ്ഥലം സന്ദർശിച്ച നഗരസഭ ക്ഷേമകാര്യസ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സലീമും ഉദ്യോഗസ്ഥരും അറിയിച്ചു. കമ്മ്യൂണിറ്റി കിച്ചണുവേണ്ടി മറ്റൊരു സ്ഥലം കണ്ടെത്തണമെന്ന ജീവനക്കാരുടെ ആവശ്യം നഗരസഭയ്ക്ക് നിറവേറ്റാനാകാത്തതിനാലാണ് ഇവിടെത്തന്നെ പ്രവർത്തനം തുടർന്നത്. ദിവസവും ആയിരത്തിലധികം പേർക്കാണ് ഇവിടെ നിന്ന് ഭക്ഷണം നൽകുന്നത്.

കമ്മ്യൂണിറ്റി കിച്ചണുകളുടെ പ്രവർത്തനം അവസാനിപ്പിക്കും: മേയർ

ലോക്ക്‌ഡൗൺ നിയന്ത്രണങ്ങൾ അവസാനിക്കുന്ന സാഹചര്യത്തിൽ നഗരസഭ നടത്തിവരുന്ന കമ്മ്യൂണിറ്റി കിച്ചണുകളുടെ പ്രവർത്തനം ഇന്ന് അവസാനിപ്പിക്കും. എന്നാൽ ജനകീയ ഹോട്ടലിൽ നിന്ന് സൗജന്യ നിരക്കിലുള്ള ഭക്ഷണവിതരണം ഉണ്ടായിരിക്കും. എസ്.എം.വി സ്‌കൂളിന് എതിർവശത്തുള്ള നഗരസഭ കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന ജനകീയ ഹോട്ടലിന്റെ അറ്റകുറ്റപ്പണികൾ നടത്തുന്നതിനുവേണ്ടി അതേ കെട്ടിടത്തിലെ രണ്ടാം നിലയിലേക്ക് മാറ്റി പ്രവർത്തനം നടത്തുമെന്നും മേയർ ആര്യാരാജേന്ദ്രൻ അറിയിച്ചു